10കോടിയുടെ പ്രതീക്ഷയിൽ കായികതാരങ്ങൾ, പറവൂർ സ്റ്റേഡിയം ഗ്രൗണ്ട് കാത്തിരിക്കുന്നു വികസനത്തിന്

Monday 15 July 2024 12:59 AM IST

പറവൂർ: പറവൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കായിക താരങ്ങളും കായിക പ്രേമികളും ആശ്രയിക്കുന്ന ഏക കളിസ്ഥലമാണ് നാല് ഏക്കറോളം വിസ്‌തൃതിയുള്ള സ്റ്റേഡിയം ഗ്രൗണ്ട്. സ്റ്റേഡിയം ഗ്രൗണ്ടെന്നാണ് പേരെങ്കിലും ഇവിടെ സ്റ്റേഡിയമോ ഗ്രൗണ്ടോ ഇല്ലാത്ത അവസ്ഥയാണ്. ചെറിയൊരു മഴപെയ്താൽ നിറയെ വെള്ളക്കെട്ടായി. പിന്നെ കുണ്ടുകുഴിയും നിറഞ്ഞ് കുറ്റിച്ചെടികൾ വളർന്ന് കാടുപിടിച്ച നിലയിലാകും. പിന്നെ ഒന്നു പന്ത് തട്ടാനായി ഭൂമി​ നി​രപ്പാക്കലും കാടുവെട്ടലും കളി​ക്കാരുടെ ജോലിയായി മാറും.

പറവൂർ നഗരസഭയുടെ ആദ്യകളിക്കളം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനായി വിട്ടുനൽകിയിരുന്നു. പകരം ചതുപ്പ് പാടം വാങ്ങി​ മണ്ണിട്ട് നികത്തിയാണ് സ്റ്റേഡിയം ഗ്രൗണ്ട് തയ്യാറാക്കിയത്.

പതിനേഴ് വർഷം മുമ്പ് സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ ആദ്യപടിയായി ഗാലറി പണിതിരുന്നു. വേണ്ടത്ര ആസൂത്രണമി​ല്ലാത്തതിനാൽ ആധുനിക രീതിയിൽ സ്റ്റേഡിയം സ്ഥാപിക്കുന്നതിന് ഇത് തടസമായി. സ്റ്റേഡിയത്തിനായി 2019ൽ വി.ഡി. സതീശൻ എംഎൽ.എയുടെ വികസന ഫണ്ടിൽ നിന്ന് രണ്ട് കോടിരൂപ വാഗ്ദാനം ചെയ്തു. തുടർന്ന് 2022ൽ ഗാലറി പൊളിച്ചു മാറ്റി. പക്ഷെ കൊവിഡ് കാരണം ഫണ്ട് വിനിയോഗിക്കാൻ സാധിച്ചില്ല. എന്നാൽ കഴിഞ്ഞ ബജറ്റിൽ ഗ്രൗണ്ടിന്റെ വികസനത്തിനായി 10 കോടി രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

---------------------------------------------------

ഗ്രൗണ്ടിന്റെ വികസനത്തിന് പത്ത് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആധുനിക ട്രാക്ക്, ബാസ്ക്കറ്റ്ബാൾ കോർട്ട്, കാണികൾക്കുള്ള ഇരിപ്പിടം, കച്ചവടകേന്ദ്രം, ടൊയ്ലറ്റ് ബ്ളോക്ക്, വിശ്രമകേന്ദ്രം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഗ്രൗണ്ടിന്റെ സ്ഥലപരിതിമൂലം പൂർണമായ ക്രിക്കറ്റ്, ഫുട്ബാൾ കോർട്ടുകൾ നിർമ്മിക്കാനാകില്ല.

------------------------------------------------

ഗ്രൗണ്ട് നിർമ്മാണത്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ വർഷങ്ങൾക്ക് മുമ്പ് നഗരസഭയെ സമീപിച്ചിരുന്നു. പത്ത് കോടിയോളം രൂപ ചെലവഴിക്കാൻ കെ.സി.എ തയാറായിരുന്നെങ്കിലും അവരുടെ ചില നിബന്ധനകൾ അംഗീകരിക്കാനാകാത്തതിനാൽ നഗരസഭ കൗൺസിൽ അംഗീകാരം നൽകിയില്ല.

---------------------------------------------------------------

ഗ്രൗണ്ടിന്റെ അവസ്ഥ അനുദിനം മോശമായ സ്ഥിതിയിലാണ്. ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭ ജാഗ്രത പുലർത്തുന്നില്ല.

സി.ബി. ആദ‌ർശ്

സെക്രട്ടറി

ഡി.വൈ.എഫ്.ഐ

മേഖലകമ്മിറ്റി

ടൗൺവെസ്റ്റ്

-----------------------------

സ്റ്റേഡിയം പുനർനിർമ്മാണത്തിന് പത്ത് കോടിയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സ്റ്രേഡിയം വികസനത്തിന് സ്പോർട്സ് കൗൺസിലുമായി ചർച്ച തുടരുകയാണ്

ബീന ശശിധരൻ

ചെയർപേഴ്സൺ

പറവൂർ നഗരസഭ

Advertisement
Advertisement