അതിശക്തമായ മഴ, റെഡ് അലർട്ട്; നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Sunday 14 July 2024 5:16 PM IST

കണ്ണൂർ: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്‌ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.അതേസമയം, മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടും കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെങ്കിലും കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌‌ടർ അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുകയാണ്. ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നിലവിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയി ഉയർത്തി. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
Advertisement