'വാവ" ഇനി സകലകലാ വേദി

Sunday 14 July 2024 6:13 PM IST

കൊച്ചി: അന്യംനിന്നു പോകുന്ന കലകളെ സംരക്ഷിക്കാനും പുതുതലമുറയെ അവയിലേക്ക് ആകർഷിക്കാനും കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തോടെ കലാഗ്രാമം ഒരുക്കുകയാണ് സകല കലകളെയും പ്രോത്സാഹിപ്പിക്കുന്ന വൈപ്പിനിലെ 'വാവ". കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി. കേരള സംഗീതനാടക അക്കാഡമിയുടെ അഫിലിയേഷനുള്ള വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ (വാവ) അക്കാഡമിയുടെ പിന്തുണയോടെ നടപടികൾ തുടങ്ങി.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിനിധിസംഘം 'വാവ"യുടെ ആസ്ഥാനമായ ഞാറയ്ക്കലിൽ വൈകാതെ എത്തുമെന്നു പ്രതീക്ഷിക്കുന്നു. സ്ഥലംവാങ്ങാനും മറ്റുമായി നാട്ടുകാരും അംഗങ്ങളുമായ ചലച്ചിത്രതാരം സിദ്ദിഖ്, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം തുടങ്ങിയവരുടെ പിന്തുണയോടെ പണം സ്വരൂപിച്ചിട്ടുണ്ട്. കേന്ദ്രസഹായം ലഭിച്ചാൽ കലകളുടെ അപൂർവ വേദിയായ കലാഗ്രാമം യാഥാർത്ഥ്യമാകും.

കലാകാരന്മാർക്ക് സഹായം,​
കലകൾക്ക് സംരക്ഷണം
* ചിന്തുപാട്ട്, വില്ലടിച്ചാംപാട്ട്, ചവിട്ടുനാടകം എന്നിവയടക്കം പരിശീലിപ്പിക്കുകയും അവശകലാകാരന്മാർക്ക് സഹായം ലഭ്യമാക്കുകയും ചെയ്യും
* പാരമ്പര്യത്തനിമകൾ നശിക്കാതിരിക്കാൻ ഗ്രാമത്തെ ഗവേഷണകേന്ദ്രമാക്കും
* മയക്കുമരുന്നിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ട് വൈപ്പിനിലെ സ്‌കൂളുകളിൽ തുടങ്ങിയ കുട്ടികളുടെ കൂട്ടായ്മയായ 'വാവക്കൂട്ടം" വിപുലമാക്കും. ക്ലാസുകൾക്കും കലാപരിപാടികൾക്കും കലാകാരന്മാർ നേതൃത്വം നൽകും.

കടൽകടന്ന്
കുഞ്ഞിപ്പുര
കൊച്ചുകൂട്ടുകാർക്കായി വാവയുടെ നേതൃത്വത്തിലുള്ള 'കുഞ്ഞിപ്പുര" ഗൾഫിലും എത്തി. യു.എ.ഇയിലെ അജ്മാനിലാണ് അടുത്തപരിപാടി. ചലച്ചിത്ര-നാടക സംവിധായകനായ രാജേഷ് കെ. രാമന്റെ ചുമതലയിലുള്ള ഈ കൂട്ടായ്മ നാടകം, നൃത്തം, നാടൻപാട്ടുകൾ, കലാരൂപങ്ങൾ തുടങ്ങിയവയ്ക്ക് വേദിയൊരുക്കുന്നു. മയക്കുമരുന്നിനെതിരെ ബോധവത്കരണവും​ സഭാകമ്പം മാറ്റാനുള്ള പരിശീലനവും നൽകുന്നു.

550ലേറെ കലാകാരന്മാർ
18 വർഷമായി പ്രവർത്തിക്കുന്ന 'വാവ"യിൽ സിനിമ, നാടകം, നൃത്തം, നാടൻപാട്ട് തുടങ്ങിയ മേഖലകളിലെ 550ലേറെ കലാകാരന്മാർ സജീവ അംഗങ്ങളാണ്. അംഗമല്ലാത്തവർക്കും വരാം, പരിപാടികൾ അവതരിപ്പിക്കാം. വാദ്യോപകരണങ്ങൾ ഇവിടെയുണ്ട്. കലാസ്നേഹികളുടെ സഹായത്തോടെയാണ് പ്രവർത്തനം. ദിവസവും വൈകിട്ട് ഏഴോടെ സജീവമാകും. അവധിയില്ല. ആർട്ടിസ്റ്റ് പി.ജെ.ചെറിയാൻ മെമ്മോറിയൽ ലൈബ്രറിയുമുണ്ട്. 70 കഴിഞ്ഞ, മറ്റ് വരുമാനമില്ലാത്ത കലാകാരന്മാർക്ക് 6 മാസം കൂടുമ്പോൾ 1200 രൂപ നൽകും. അടിയന്തരഘട്ടങ്ങളിൽ മറ്റു സഹായവും. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രസിഡന്റും അനിൽ പ്ലാവിയൻസ് ജനറൽ സെക്രട്ടറിയുമാണ്. വാവയ്ക്ക് പുതുവൈപ്പ്,​ എളങ്കുന്നപ്പുഴ,​ ‍‍ഞാറയ്ക്കൽ,​ നായരമ്പലം,​ നെടുങ്ങാട്,​ എടവനക്കാട്,​ കുഴുപ്പിള്ളി,​ ചെറായി,​ പള്ളിപ്പുറം എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്.

Advertisement
Advertisement