ആനവണ്ടിയില്‍ ജീവനക്കാരുടെ ആ പണി നടപ്പില്ല; കയ്യോടെ പൊക്കാന്‍ വിദേശത്തുനിന്ന് 12 ലക്ഷത്തിന്റെ യന്ത്രം

Sunday 14 July 2024 6:25 PM IST

കൊച്ചി: കെഎസ്‌ആർടിസിയിൽ പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഹരിമരുന്ന് ഉപയോഗിച്ച് കെഎസ്‌ആർടിസി ബസ് ഓടിക്കുന്നവരെ കണ്ടെത്താനുള്ള നടപടിയായെന്ന് മന്ത്രി അറിയിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട്‌സ് 318സിയുടെ നേതൃത്വത്തിൽ നടത്തിയ ഫസ്റ്റ് എയ്‌ഡ് കിറ്റ് വിതരണം ചെയ്യുന്ന പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റ് നൽകുന്ന പരിപാടിയാണിത്.

ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്ത് അനലൈസർ ഉപയോഗിക്കുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കണ്ടെത്തും. കെഎസ്‌ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്നുള്ളത് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫീസറായാലും ‌ഡ്രൈവറായാലും സസ്‌പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു. പരിശോധന കർശനമാക്കിയതോടെയാണ് മാറ്റം വന്നത്. കെഎസ്‌ആർടിസി ബസുകളിൽ ഉടൻതന്നെ വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്‌ആർടിസി ജീവനക്കാർ കള്ളു കുടിക്കുന്നതും നോക്കും അവർക്ക് കഞ്ഞിയും കൊടുക്കുമെന്ന് ഗണേഷ് കുമാർ നിയമസഭയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കെഎസ്‌ആർടിസി പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കും. നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കമ്പ്യൂട്ടർ വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്ന് പണം കണ്ടെത്തും. കൂടുതൽ എ സി ബസുകളും കൃത്യതയുള്ള സർവ്വീസുകളമടക്കമുള്ള പരിഷ്കാരങ്ങളിലൂടെ കൊവിഡ് കാലത്ത് നഷ്ടമായ യാത്രക്കാരെ തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement