തോട് വൃത്തിയാക്കേണ്ട ചുമതല കോർപ്പറേഷന്, മാലിന്യം നീക്കാൻ അനുമതി തേടിയിട്ടില്ലെന്ന് റെയിൽവേ

Sunday 14 July 2024 8:02 PM IST

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കം. തോട് വൃത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണം റെയിൽവേ എ.ഡി.ആർ.എം എം.ആർ. വിജി തള്ളി.

റെയിൽവേയുടെ ഭാഗത്തുള്ള തോട് വൃത്തിയാക്കേണ്ടതിന്റെ ചുമതല കോർപ്പറേഷനാണെന്നാണ് റെയിൽവേയുടെ നിലപാട്. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണൽ വൃത്തിയാക്കാൻ കോർപ്പറേഷൻ അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും റെയിൽവേ മറുപടി നൽകിയില്ലെന്ന മേയറുടെ ആരോപണം റെയിൽവേ തള്ളി. ഒരു തവണ പോലും കത്ത് നൽകിയില്ലെന്നാണ് റെയിൽവേയുടെ മറുപടി. അനുവാദം ചോദിച്ചിട്ടും നൽകിയില്ലെന്ന മേയറുടെ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണൽ വൃത്തിയാക്കാൻ കോർപ്പറേഷന് ഒരു തടസവും ഉണ്ടാകില്ലെന്നും റെയിൽവേ വിശദീകരിച്ചു.

അതേസമയം പിറ്റ്‌ലൈനിന് താഴെയുള്ള മാലിന്യങ്ങൾ നീക്കുന്നതിന്റെ ചുമതല റെയിൽവേക്ക് തന്നെയാണെന്ന് മേയർ പറഞ്ഞു. റെയിൽവേ ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുന്നുവെന്ന വാദം ശരിയല്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ തെളിയിക്കട്ടെ. ടണലിൽ റെയിൽവേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഇന്നലെ നടത്തിയ തെരച്ചിലിൽ തന്നെ തെളിഞ്ഞിരുന്നു. ഭാവിയിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടി വരുമെന്നും ആര്യ രാജേന്ദ്രൻ മറുപടി നൽകി.

Advertisement
Advertisement