സഞ്ജു സാംസണ് അര്‍ദ്ധ സെഞ്ച്വറി, അവസാന മത്സരത്തിലും സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യന്‍ യുവനിര

Sunday 14 July 2024 8:04 PM IST

ഹരാരെ: പരമ്പരയിലെ അവസാന മത്സരത്തിലും സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യ. അഞ്ചാം ട്വന്റി 20യില്‍ 42 റണ്‍സിനാണ് ഇന്ത്യയുടെ ജയം. അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള നാല് മത്സരങ്ങളിലും ആതിഥേയരെ നിഷ്പ്രഭരാക്കി മുന്നേറുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ 167-6 (20), സിംബാബ്‌വെ 125-10 (18.3)

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ ഒരുഘട്ടത്തില്‍ 12.4 ഓവറില്‍ 85ന് മൂന്ന് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 34(32) റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സ് ആണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. തടിവാന്‍ഷെ മാറുമണി 27(24) റണ്‍സും എട്ടാമനായി ക്രീസിലെത്തിയ ഫറസ് അക്രം 27(13) എന്നിവരും മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 8(12) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.

ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍ 3.3 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ശിവം ദൂബെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ്മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 58(45) മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ശിവം ദൂബെ 26(12), റിയാന്‍ പരാഗ് 22(24), റിങ്കു സിംഗ് 11*(9) യശ്വസി ജെയ്‌സ്‌വാള്‍ 12(5), ശുഭ്മാന്‍ ഗില്‍ 13(14), അഭിഷേക് ശര്‍മ്മ 14(11) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.