'ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കരികിലൂടെ ട്രെയിൻ കടത്തിവിട്ടു'

Sunday 14 July 2024 8:08 PM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കായുള്ള തെരച്ചിൽ 30 മണിക്കൂറിലേറ പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ, സംഭവത്തിൽ തികഞ്ഞ നിസംഗതയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് വിമർശനം ഉന്നയിക്കുകയാണ് എംപിയും സിപിഎം നേതാവുമായ എ എ റഹീം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സമാനതകൾ ഇല്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നത്. ഒരു നാടാകെ സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് ഒരു ജീവന് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. സംഭവ സമയം മുതൽ മേയർ, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽപോലും രക്ഷപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്‌സ്, റോബോട്ടിക് സാങ്കേതിക വിദ്യ, എൻഡിആർഎഫ്, പൊലീസ്, നഗരസഭാ ജീവനക്കാർ, ഡിവൈഎഫ്‌ഐ വോളന്റിയർമാർ തുടങ്ങി ഒരു നാടാകെ കർമ്മനിരതമാണ്.

എന്നാൽ അപ്പോഴും തികഞ്ഞ നിസംഗതയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അപകടമുണ്ടായി 24 മണിക്കൂറായിട്ടും ഒരു മുതിർന്ന ഉദ്യോഗസ്ഥനെങ്കിലും സംഭവസ്ഥലത്ത് എത്തുകയോ രക്ഷാദൗത്യങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്നില്ല. അതുമാത്രമല്ല രക്ഷാദൗത്യത്തിന് തടസം ഉണ്ടാക്കുന്ന തരത്തിലാണ് റെയിൽവേയുടെ പ്രവർത്തനങ്ങൾ.

സ്വന്തം ജീവൻ മറന്ന് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമീപത്ത്കൂടെ ട്രെയിൻ ബോധപൂർവം കടത്തിവിട്ട റെയിൽവേയുടെ നടപടി ഞെട്ടൽ ഉണ്ടാക്കി. ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചപ്പോൾ ലഭ്യമായ ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിന് സഹായകരമാകും വിധം ചില ട്രാക്കുകളിലെ റെയിൽവേ ഗതാഗതം ക്രമീകരിക്കണം എന്ന് നിർദേശിച്ചിരുന്നതും അവർ ഉറപ്പ് നൽകിയിരുന്നതുമാണ്. സംഭവത്തിൽ അനുഭാവപൂർണ്ണമായ അടിയന്തര ഇടപെടൽ വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനം നടത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ..

Advertisement
Advertisement