സൂപ്പർഹിറ്റുകളുടെ നിർമ്മാതാവിന് വിട: അരോമ മണി ഓർമ്മയായി

Monday 15 July 2024 12:00 AM IST

തിരുവനന്തപുരം: മലയാള സിനിമയിലെ നിരവധി സൂപ്പർഹിറ്റുകളുടെ നിർമ്മാതാവും സംവിധായകനുമായ അരോമ മണി എന്ന എം. മണി (85) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴി മീനാഭവനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ രോഗം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10 മുതൽ 11.30 വരെ തൈക്കാട് ഭാരത്‌ഭനിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് 1.30ന് അരുവിക്കരയിലെ അരോമ ഗാർഡൻസിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
മെരിലാൻഡ് സുബ്രഹ്മണ്യം, കുഞ്ചാക്കോ എന്നിവർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ നിർമ്മിച്ചത് എം. മണിയാണ്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് തുടങ്ങിയ ബാനറുകളിൽ 62 സിനിമകൾ നിർമ്മിച്ചു. നാലു തമിഴ് ചിത്രങ്ങളും ഇതിൽപ്പെടുന്നു. 1977ൽ റിലീസ് ചെയ്ത നടൻ മധു സംവിധായകനും നായകനുമായ 'ധീരസമീരെ യമുനാതീരെ'യാണ് ആദ്യ സിനിമ. അദ്ദേഹം നിർമ്മിച്ച പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 13 ചിത്രങ്ങൾ സംവിധാനം ചെയ്തു. 2013ൽ ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റാണ് അവസാന ചിത്രം. തലസ്ഥാനത്ത് സ്റ്റാച്യുവിൽ അരോമ ഹോട്ടൽ, അരോമ ടെക്സ്റ്റയിൽസ് എന്നീ സ്ഥാപനങ്ങളിലൂടെയായിരുന്നു ബിസിനസ് രംഗത്ത് തുടക്കം.
വീണ്ടും ചലിക്കുന്ന ചക്രം, ഇരുപതാം നൂറ്റാണ്ട്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 15, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്‌.ഐ.ആർ, ബാലേട്ടൻ, മാമ്പഴക്കാലം, തുടങ്ങിയ സൂപ്പർ ഹിറ്റുകൾ അദ്ദേഹം നിർമ്മിച്ചതാണ്. കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, മുത്തോടു മുത്ത് എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. പദ്മരാജൻ, പി. ചന്ദ്രകുമാർ, സിബി മലയിൽ, കെ. മധു, ജോഷി, ഷാജി കൈലാസ്, സരേഷ് ബാബു, വിജി തമ്പി, വിനയൻ, വി.എം. വിനു, സുനിൽ, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങി പ്രമുഖർ മണിയുടെചിത്രങ്ങളുടെ സംവിധായകരായിരുന്നു.ഭാര്യ: പരേതയായ എൽ.കൃഷ്ണമ്മ.മക്കൾ: എം.സുനിൽകുമാർ, എം.സുനിത സുബ്രഹ്മണ്യം, എം.അനിൽകുമാർ. മരുമക്കൾ: സന്ധ്യ സുനിൽകുമാർ, സുബ്രഹ്മണ്യം, പിങ്കി അനിൽകുമാർ.

Advertisement
Advertisement