റ​ബ​ർ​ ​മു​ന്നേ​റു​ന്നു ; ഏ​ല​വും​ ​കു​രു​മു​ള​കും​ ​കി​ത​ക്കു​ന്നു

Monday 15 July 2024 12:19 AM IST

കോട്ടയം: രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മറികടന്നും ഇന്ത്യയിൽ റബർ വില മികച്ച മുന്നേറ്റം നടത്തുന്നു. ഇറക്കുമതി റബറിന്റെ വരവ് കുറഞ്ഞതാണ് പ്രധാനമായും ആഭ്യന്തര വില കൂടാൻ സഹായിച്ചത്. അതേസമയം വില ഇടിക്കാൻ ടയർ ലോബി സജീവമായി രംഗത്തുണ്ട്. മഴ തുടരുന്നതിനാൽ ടാപ്പിംഗ് കുറവാണ്. ഷീറ്റ് ക്ഷാമം ഒഴിയില്ലെന്ന് മനസിലാക്കി വ്യവസായികൾ വാങ്ങൽ താത്പര്യം കാട്ടിയതോടെ ആർ.എസ്.എസ് ഫോർ വില കിലോക്ക് 207 രൂപയിൽ തുടരുകയാണ്. ഈ ഗ്രേഡിന്റെ ബാങ്കോക്ക് വില 167 രൂപയിലേക്ക് താഴ്ന്നു. ജപ്പാനൊപ്പം സിംഗപ്പൂർ, ചൈനീസ് വിപണികളിലും വില ഇടിവുണ്ടായി. രാജ്യാന്തര വിലയുമായുള്ള അന്തരം ആഴ്ചകളായി 40 രൂപയിൽ തുടരുകയാണ്.

വെട്ടില്ലാത്തതിനാൽ നേട്ടമില്ല

ഷീറ്റ് വിലയെ മറികടന്ന് ലാറ്റക്സ് 225 രൂപയിലെത്തി. ഷീറ്റാക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാലാണ് ലാറ്റക്സ് വില ഉയരുന്നത്. എങ്കിലും ഉത്പാദനമില്ലാത്തതിനാൽ സാധാരണ കർഷകർക്ക് നേട്ടമില്ല. ലാറ്റക്സ് വിലയിലെ കുതിപ്പ് താത്ക്കാലികമായതിനാൽ ഷീറ്റിന്റെ ഡിമാൻഡ് കണക്കിലെടുത്ത് കർഷകർ തീരുമാനമെടുക്കണമെന്ന് റബർ ബോർഡ് പറയുന്നു.

വില്പന സമ്മർദ്ദത്തിൽ കുരുമുളക്

കഴിഞ്ഞ ആഴ്ചകളിൽ മികച്ച മുന്നേറ്റം നടത്തിയ കുരുമുളക് വില തകർച്ചയിലേക്ക് കൂപ്പു കുത്തി. ഒരാഴ്ചയിൽ കിലോയ്‌ക്ക് 13 രൂപയുടെ കുറവുണ്ടായി. മൂല്യവർദ്ധനയോടെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ലൈസൻസിന്റെ മറവിൽ ശ്രീലങ്കയിൽ നിന്ന് 300 കോടി രൂപയുടെ 2500 ടൺ കുരുമുളക് ഇറക്കുമതിക്കാരുടെ കൈകളിലെത്തിയിരുന്നു. ഇതിൽ ജലാംശം കൂടി ഗുണനിലവാരം കുറഞ്ഞതോടെ ഉടനെ വിറ്റു തീർക്കാൻ വ്യാപാരികൾ തിടുക്കം കാട്ടുന്നതാണ് വില ഇടിയാൻ കാരണം. ഉത്തരേന്ത്യയിൽ ദീപാവലി സീസണിൽ ഡിമാൻഡ് കൂടുന്നതു വരെ വിലയിൽ വലിയ വർദ്ധനയ്ക്ക് സാദ്ധ്യത കുറവാണ്.

ഏലം വിലയും താഴേക്ക്

ഉപഭോഗത്തിലെ മാന്ദ്യം ഏലം വിപണിയിലും കിതപ്പ് സൃഷ്ടിക്കുന്നു. കിലോയ്‌ക്ക് 2500 രൂപ വരെ ഉയർന്ന ശേഷം വില 2000 രൂപയിലേക്ക് താഴ്ന്നു. വേനലും മഴയും വിളനാശം ശക്തമാക്കി. ഉത്പാദന കുറവും കൃഷി നാശവും വില ഉയർത്തേണ്ടതാണെങ്കിലും മറിച്ചാണ് സംഭവിച്ചത്. വിളവെടുപ്പ് സീസൺ വൈകുമെന്നതിനാൽ ഇപ്പോഴത്തെ വിലയിടിവ് ചെറുകിട കർഷകർക്ക് ദോഷമാകും. ഏലത്തിന്റെ ഉത്പാദന ചെലവും വർദ്ധിച്ചു. വളത്തിനും കീടനാശിനിക്കും കൂട്ടിയ വില കുറയ്ക്കാൻ കമ്പനികൾ തയ്യാറായിട്ടില്ലെന്ന് കർഷകർ പറയുന്നു .

ഷീറ്റ് സംസ്കരണത്തിൽ കർഷകർ കൂടുതൽ താത്പര്യമെടുക്കണം. വിപണിയിൽ ഷീറ്റിന് ആവശ്യം കൂടുന്ന സാഹചര്യം പ്രയോജനപ്പെടുത്തണം.

എം.വസന്തഗേഷൻ

(റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ)​

Advertisement
Advertisement