5,000 കോടിയുടെ അംബാനി കല്യാണമേളം

Monday 15 July 2024 12:20 AM IST

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ മാമാങ്ക ചടങ്ങുകൾ ഇന്നവസാനിക്കും

മുംബയ്. അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകൾ ഇന്ന് അവസാനിക്കും. ഇന്നലെ ജിയോ വേൾഡ് കൺവെൻഷണൽ സെന്ററിൽ അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിൽ ഹോളിവുഡ്, ബോളിവുഡ് താരങ്ങളും വ്യവസായ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയും ഫാർമ വ്യവസായ മേഖലയിലെ പ്രമുഖരായ വിരെൻ, ഷെയ്‌ല മർച്ചന്റുമാരുടെ മകളായ രാധിക മർച്ചന്റുമായുള്ള വിവാഹം ജൂലായ് 12ന് മുംബയിൽ നടന്ന് മൂന്നാം ദിവസവും ആഘോഷങ്ങൾ തുടരുകയാണ്. മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ഇഷ അംബാനി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പങ്കെടുത്തത്.

ശനിയാഴ്ച നടന്ന ശുഭ് ആശീർവാദ് ചടങ്ങിൽ ദമ്പതികളെ ആശീർവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. ആഘോഷ ചടങ്ങുകളിൽ ജോൺ സെന, കിം കർദാഷിയാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, രജനികാന്ത്, ഷാറൂഖ് ഖാൻ, ദീപിക പദുക്കോൺ തുടങ്ങി വൻ താര നിര തന്നെ സന്നിഹിതരായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിലെ ജീവനക്കാർക്ക് ഇന്ന് നൽകുന്ന സൽക്കാരത്തോടെ ചടങ്ങുകൾ അവസാനിക്കും.

ആഡംബരങ്ങളുടെ അവസാനവാക്ക്

കല്യാണ ക്ഷണക്കത്ത് മുതൽ വധൂവരന്മാരുടെ ആഭരണങ്ങളും വസ്ത്രങ്ങളും അതിഥികൾക്കുള്ള സമ്മാനങ്ങളും വരെ വ്യത്യസ്തവും ആഡംബരപൂർണവുമായതാണ് അനന്തിന്റെയും രാധികയുടെയും വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വലിയ ഗിഫ്റ്റ് ബോക്സിൽ മന്ത്രങ്ങളും കല്യാണ കത്തുമടങ്ങിയ ക്ഷണക്കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. വിവാഹ ചടങ്ങുകളും വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം പരമാവധി ആർഭാടപൂർവമാക്കിയാണ് മുകേഷ് അംബാനി ഇളയ മകന്റെ വിവാഹം കെങ്കേമമാക്കിയത്.

കോടികൾ മതിക്കുന്ന വിവാഹ വേഷങ്ങൾ

പ്രമുഖ ഫാഷൻ ഡിസൈനറായ അബു ജാനി ഖോസ്‌ല അനന്ത് അംബാനിക്കായി ഡിസൈൻ ചെയ്ത സ്വർണം പതിപ്പിച്ച ഷേർവാണിക്ക് 214 കോടി രൂപയാണ് വില. വിവാഹ ചടങ്ങുകളിൽ അനന്ത് അംബാനി ധരിച്ച റിച്ചാർഡ് മിലെയുടെ ആർ. എം 52-05 എന്ന വാച്ച് ബ്രാൻഡിന്റെ വില 12.5 കോടി രൂപയാണ്.

അംബാനിയുടെ ആസ്തിയുടെ അര ശതമാനം ചെലവ്

മുകേഷ് അംബാനിയുടെ മൊത്തം ആസ്‌തിയുടെ 0.5 ശതമാനം തുകയായ 5,000 കോടി രൂപയാണ് കല്യാണത്തിന്റെ മൊത്തം ചെലവ്. പത്ത് ഓസ്കാർ അവാർഡ് ചടങ്ങുകൾ നടത്തുന്നതിന് തുല്യമായ തുകയാണിത്. വിവാഹ ചടങ്ങുകൾക്കും സൽക്കാരങ്ങൾക്കും അതിഥികളെ താമസിപ്പിക്കുന്നതിനും വിമാനങ്ങളും വാടക ഇനത്തിലും മറ്റുമായി ഏകദേശം മൂവായിരം കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കാക്കുന്നത്.

നിശ്ചയം മുതൽ വിരുന്ന് വരെ എട്ടു മാസത്തെ ആഘോഷം

കഴിഞ്ഞ വർഷം ഡിസംബറിലാണ് അനന്ത് അംബാനിയും രാധികയുമായുള്ള വിവാഹ നിശ്ചയം നടന്നത്. ഇതിന് ശേഷം മാർച്ചിൽ നടന്ന പ്രീ വെഡിംഗ് ആഘോഷങ്ങളിൽ ഇവാങ്ക ട്രെമ്പും മാർക്ക് സക്കർബെർഗുമടക്കം 1,200 അതിഥികളാണ് പങ്കെടുത്തത്.

മേയിൽ വധൂവരന്മാർ ചേർന്ന് എണ്ണൂറ് അതിഥികളെ ഉൾപ്പെടുത്തി മെഡിറ്ററേനിയൻ തീരത്തിലൂടെ നാല് ദിവസത്തെ യൂറോപ്യ ക്രൂയിസ് യാത്ര സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി അൻപത് ദമ്പതിമാരെ പങ്കെടുപ്പിച്ച് സമൂഹവിവാഹവും നടന്നു. ജൂലായ് എട്ടിന് കുടുംബാംഗളെയും സുഹ്യത്തുക്കളെയും ക്ഷണിച്ച് ഹൽദിയും നടത്തി. ഈ വാരം ലണ്ടനിലും വിവാഹാനന്തര ആഘോഷങ്ങൾ നടക്കും.

ഷാരൂഖ് ഖാനും രൺവീർ കപൂറിനും രണ്ട് കോടിയുടെ വാച്ച് സമ്മാനം

വിവാഹത്തോട് അനുബന്ധിച്ച് വരന്റെ സുഹ്യത്തുകൾക്ക് അനന്ത് അംബാനി രണ്ട് കോടി രൂപ വില വരുന്ന ആഡംബര വാച്ചുകളാണ് സമ്മാനിച്ചത്. ഷാരൂഖ് ഖാൻ, രൺവീർ സിംഗ്, ഷിഖാർ പഹാരിയ, വീർ പഹാരിയ തുടങ്ങിയ 25 പേർക്കാണ് 25 ലിമിറ്റഡ് എഡിഷൻ ആഡംബര വാച്ചുകൾ സമ്മാനിച്ചത്.

Advertisement
Advertisement