വാഹന കയറ്റുമതി കുതിപ്പ് തുടരുന്നു

Monday 15 July 2024 12:16 AM IST

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിലെ മികച്ച വളർച്ച തുടരുന്നു. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാമിന്റെ കണക്കുകളനുസരിച്ച് ഏപ്രിൽ ജൂൺ മാസങ്ങളിൽ വാഹന കയറ്റുമതി 15.5 ശതമാനം ഉയർന്ന് 1.92 ലക്ഷം യൂണിറ്റായി. യാത്ര വാഹനങ്ങളുടെ കയറ്റുമതി ഇക്കാലയളവിൽ 1.52 ലക്ഷം യൂണിറ്റിൽ നിന്ന് 1.8 ലക്ഷം യൂണിറ്റായി ഉയർന്നു. മാരുതി സുസുക്കി മൂന്ന് മാസത്തിനിടെ 69,962 വാഹനങ്ങൾ കയറ്റിഅയച്ചു. ഹ്യുണ്ടായ് മോട്ടോർ 46,400 വാഹനങ്ങളുടെ കയറ്റുമതി നേടി. ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കഴിഞ്ഞ മൂന്ന് മസത്തിനിടെ 923,148 യൂണിറ്റുകളായി ഉയർന്നു.

കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 2.68 ലക്ഷം യൂണിറ്റുകളായാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 6.72 ലക്ഷം കാറുകളാണ് വിദേശ വിപണിയിലെത്തിയത്. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 2.68 ലക്ഷം വാഹനങ്ങളുടെ വർദ്ധനയാണ് ദൃശ്യമായത്. രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകളനുസരിച്ച് 2020-21 വർഷത്തിൽ ഇന്ത്യൻ കമ്പനികൾ 4.05 ലക്ഷം വാഹനങ്ങളാണ് കയറ്റി അയച്ചത്. 2021-22 വർഷത്തിൽ കയറ്റുമതി 5.78 ലക്ഷം യൂണിറ്റുകളായും 2022-23 വർഷത്തിൽ 6.63 ലക്ഷവുമായും ഉയർന്നു. മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ കാർ കയറ്റുമതിയുടെ 70 ശതമാനം വാഹിതം മാരുതി സുസുക്കിയ്ക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് 2.68 ലക്ഷം വാഹനങ്ങളാണ് വിദേശ വിപണിയിൽ വിറ്റഴിച്ചത്. പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതും മറ്റൊരു ജാപ്പനീസ് കാർ കമ്പനിയായ ടൊയോട്ട കിർലോസ്ക്കറുമായുള്ള വിപണന പങ്കാളിത്തവുമാണ് മികച്ച നേട്ടമുണ്ടാക്കാൻ മാരുതി സുസുക്കിയെ സഹായിച്ചത്.

Advertisement
Advertisement