ആവേശ തിമിർപ്പിൽ കാർ വിപണി

Monday 15 July 2024 12:18 AM IST

കൊച്ചി: രാജ്യത്തെ വാഹന വിപണിയിൽ സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ(എസ്.യു.വി) വില്പന പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ചെറുകാറുകളുടെ വില്പന കനത്ത തിരിച്ചടി നേരിടുമ്പോഴും എസ്.യു.വികൾക്ക് ഉപഭോക്താക്കളുടെ ഇടയിൽ പ്രിയമേറുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ടാറ്റ മേട്ടോഴ്‌സ്, മാരുതി സുസുക്കി, ഹോണ്ട ഇന്ത്യ, കിയ, ഹ്യുണ്ടായ് എന്നിവയെല്ലാം എസ്.യു.വി വിപണിയിൽ മികച്ച വളർച്ചയാണ് നേടുന്നത്. എങ്കിലും വില്പനയിൽ ഇപ്പോഴും ടാറ്റ മോട്ടോഴ്സും മാരുതി സുസുക്കിയും ഹ്യുണ്ടായുമാണ് മുൻനിരയിൽ.

മികച്ച വില്പന നേടിയ കാറുകൾ

ടാറ്റ പഞ്ച്

കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ 18,238 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ വില്പനയിൽ 66 ശതമാനം വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിൽ കമ്പനി 10,990 കാറുകളാണ് വിറ്റഴിച്ചത്. പുതുക്കിയ ഫീച്ചറുകളോടെ വിപണിയിൽ അവതരിപ്പിച്ച ടാറ്റ പഞ്ച് മൈക്രോ എസ്.യു.വി വിഭാഗത്തിൽ മികച്ച വളർച്ചയാണ് കാഴ്ചവെച്ചത്. 2021 മാർച്ചിലാണ് പഞ്ച് വിപണിയിലെത്തിയത്. ഈ വാഹനത്തിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. നിലവിൽ 6.13 ലക്ഷം രൂപ മുതൽ 10.23 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂും വില. മുഖം മിനുക്കിയ മോഡലിന് വിലയിൽ 50,000 രൂഎ വരെ കൂടിയേക്കും.

മാരുതി സ്വിഫ്‌റ്റ്

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ മാരുതി സുസുക്കിയുടെ 16,422 കാറുകളാണ് ജൂണിൽ വില്പന നടത്തിയത്. മുൻവർഷം ഇതേകാലയളവിനേക്കാൾ കേവലം മൂന്ന് ശതമാനം വളർച്ച മാത്രമാണ് കഴിഞ്ഞ മാസം കമ്പനിക്ക് നേടാനായത്. കഴിഞ്ഞ വർഷം ജൂണിൽ കമ്പനി 15,955 കാറുകളാണ് വിറ്റഴിച്ചത്. മാരുതി സ്വിഫ്‌റ്റിന്റെ ആദ്യ മോഡൽ 2007ൽ ആണ് ഇന്ത്യൻ വിപണിയിലെത്തിയത്. വിപണിയിലെ ഏറ്റവും മികച്ച ഹാച്ച് ബാക്കായാണ് സ്വിഫ്റ്റ് അറിയപ്പെടുന്നത്. 7.05 ലക്ഷം രൂപ മുതൽ 10.45 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ വില നിലവാരം.

ഹ്യുണ്ടായ് ക്രെറ്റ

ഹ്യുണ്ടായ് ഇന്ത്യയുടെ മികച്ച മോഡലായ ക്രെറ്റ വിപണിയിൽ മികച്ച തരംഗം സൃഷ്ടിക്കുകയാണ്. ജൂണിൽ 16,293 ക്രെറ്റ കാറുകളാണ് ്ഹ്യുണ്ടായ് വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിൽ നേടിയ 14,447 യൂണിറ്റുകളുടെ വില്പനയേക്കാൾ 13 ശതമാനം വർദ്ധന നേടാൻ ക്രെറ്റയ്ക്ക് കഴിഞ്ഞു. 11 ലക്ഷം മുതലാണ് ബ്രാൻഡിന്റെ വില.

മാരുതി സുസുക്കി എർട്ടിഗ

ജൂണിൽ ഇന്ത്യയിലെ കാർ ബ്രാൻഡുകളിൽ ഏറ്റവും മികച്ച വളർച്ച നേടിയത് മാരുതി എർട്ടിഗയാണ്. വാഹന നിർമ്മാതാക്കളുടെ കണക്കുകളനുസരിച്ച് ജൂണിൽ 15,902 എർട്ടിഗ വാഹനങ്ങളാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 83 ശതമാനം വർദ്ധനയാണ് വില്പനയിൽ നേടിയത്. കഴിഞ്ഞ ജൂണിൽ 8,422 എർട്ടിഗ വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. 8.64 ലക്ഷം രൂപ മുതൽ 13.08 ലക്ഷം രൂപ വരെയാണ് എർട്ടിഗയുടെ വില നിലവാരം.

Advertisement
Advertisement