മഴ കനക്കുന്നു, പെയ്തിറങ്ങിയത് 132 മില്ലി മീറ്റർ 

Monday 15 July 2024 12:20 AM IST
Rain

കോഴിക്കോട്: ഇടവേളയ്ക്ക് ശേഷമെത്തിയ മഴ ജില്ലയിൽ കനക്കുന്നു. കിഴക്കൻ മലയോര പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും നിറഞ്ഞുകവിഞ്ഞു. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 132 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ഇന്നലെ പെയ്തത്. കോഴിക്കോട് 27 മില്ലീ മീറ്ററും, കൊയിലാണ്ടിയിൽ 43.0മില്ലിയും വടകരയിൽ 62.0 മില്ലീ മീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം ജില്ലയിൽ ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ പെയ്ത മഴയിൽ 21 ശതമാനം കുറവാണ്. 1296.3 മില്ലീ മീറ്റർ പെയ്യേണ്ട സ്ഥാനത്ത് 1025.6 മില്ലീ മീറ്ററാണ് പെയ്തത്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതോടെ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലാണ് ഏറെ കൃഷിനാശം. വാഴ കൃഷിയും നെൽകൃഷിയും വെള്ളത്തിലായി. വയലുകളിൽ വെള്ളം നിറഞ്ഞതോടെ ഓണവിപണി പ്രതീക്ഷിച്ച് കൃഷി ചെയ്‌ത വാഴകളെല്ലാം നിലംപൊത്തി. ഒന്നരമാസം കൂടി പാകമായിരുന്നെങ്കിൽ വെട്ടിയെടുക്കാമായിരുന്ന വാഴക്കുലകളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. ഇത് കർഷകർക്ക് വലിയ നഷ്‌ടമാണുണ്ടാക്കിയത്.

Advertisement
Advertisement