കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാന്തപുരത്തെ സന്ദർശിച്ചു

Monday 15 July 2024 12:24 AM IST
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു

കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ അദ്ദേഹം രാവിലെ ഒമ്പത് മണിക്ക് മർകസിലെത്തിയാണ് കാന്തപുരത്തെ കണ്ടത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി. ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതികൾ ന്യൂനപക്ഷ വകുപ്പ് ആവിഷ്‌കരിക്കണമെന്നും കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായിരുന്ന മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിലെ അപാകതകൾ പരിഹരിക്കുക, അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും കാന്തപുരം ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അക്ബർ ബാദുഷ സഖാഫി, ഷമീം.കെ.കെ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement
Advertisement