സൂപ്പർ സഞ്ജു, ഇന്ത്യ

Monday 15 July 2024 3:58 AM IST

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 42 റൺസിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യൻ ആധിപത്യം നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റ ശുഭ്‌മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവ സംഘം തുടർന്നുള്ള നാല് മത്സരങ്ങളും ജയിച്ച് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഹരാരെയിൽ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്റെ (58) അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 18.3 ഓവറിൽ 125 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 3.3 ഓവറിൽ 22 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് സിംബാ‌ബ്‌വെ ബാറ്റിംഗ് നിരയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. ശിവം ദുബെ 2 വിക്കറ്റ് വീഴ്ത്തി. ഡിയോൺ മയേഴസ് (34), തദിവനാഷെ മരുവാനി (27), ഫറാസ് അക്രം (27) എന്നിവർക്ക് മാത്രമാണ് സിംബാബ്‌വെ ബാറ്റർ‌മാരിൽ രണ്ടക്കം കാണാനായത്.

നേരത്തേ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. 45 പന്തിൽ 1 ഫോറും 4 സിക്സും ഉൾപ്പെടെയാണ് സഞ്ജു 58 റൺസ് നേടിയത്. ശിവം ദുബെ (12 പന്തിൽ 26), റിയാൻ പരാഗ് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സിക്കന്തർ റാസ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ തുട‌ർച്ചയായ 2 സിക്സുകൾ അടിച്ചാണ് ഓപ്പണർ ജയ്‌സ്വാൾ (5 പന്തിൽ 12) തുടങ്ങിയത്. എന്നാൽ ആ ഓവറിൽ തന്നെ റാസ ജയ്സ്വാളിനെ പുറത്താക്കി.

സുന്ദറും ദുബെയും

ഇന്ത്യൻ സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറാണ് പരമ്പരയിലെ താരം. ഇന്നലെ ബാറ്റിംഗിലും ബാളിംഗിലും തിളങ്ങിയ ശിവം ദുബെയാണ് അഞ്ചാം ട്വന്റി-20യിലെ താരം.

Advertisement
Advertisement