അതാവീണ്ടും അൽകാരാസ്

Monday 15 July 2024 4:03 AM IST

വിംബിൾഡൺ പുരുഷ സിംഗിൾസ്

കിരീടം നിലനിറുത്തി അൽകാരാസ്

ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടം കൈവിടാതെ സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരാസ്. ഇന്നലെ നടന്ന ഫൈനലിൽ സെ‌ർബിയൻ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് അൽകാരാസ് ഇത്തവണയും വിംബിൾഡണിൽ ചാമ്പ്യനായത്. രണ്ടേ മുക്കാൽ മണിക്കൂറിൽ 6-2,6-2,7-6നായിരുന്നു അൽകാരാസിന്റെ ജയം.

കഴിഞ്ഞ വർഷവും ഫൈനലിൽ ജോക്കോയെ കീഴടക്കിയാണ് അൽകാരസ് വിംബിൾഡൺ കിരീടം നേടിയത്. അന്ന് 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിന് ശേഷമായിരുന്നു ജോക്കോ തോൽവി സമ്മതിച്ചത്.

24-ാം ഗ്ലാൻസ്ലാം കിരീടവും 8-ാംവിംബിൾഡൺ ചാമ്പ്യൻപട്ടവും ലക്ഷ്യം വച്ചെത്തിയ ജോക്കോയ്ക്ക് എന്നാൽ ഇന്നലെ ഫൈനലിൽ മികവിലേക്ക് ഉയരാനായില്ല. പരിക്കും താരത്തെ അലട്ടിയിരുന്നു. ആദ്യ രണ്ട് സെറ്റും അനായാസം സ്വന്തമാക്കിയ അൽകാരസിന് മൂന്നാം സെറ്റിൽ മാത്രമാണ് 37കാരനായ ജോക്കോയുടെ ഭാഗത്ത് നിന്ന് വെല്ലുവിളി നേരിടേണ്ടി വന്നത്. സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിന്റെ യഥാർത്ഥ പിൻഗാമിയാണ് താനെത്ത് തെളിയിക്കുന്നതാണ് 21കാരനായ അൽകാരസിന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ.

4-ഗ്ലാൻസ്ലാം കിരീടങ്ങൾ അൽകാരസ് നേടിക്കഴിഞ്ഞു. 2 വിംബിൾഡൺ കിരീടങ്ങളും (2023,2024), ഓരോ തവണ വീതം ഫ്രഞ്ച് ഓപ്പണും (2024), യു.എസ് ഓപ്പണും (2022)

2- ഈ സീസണിൽ അൽകാരസിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയിരുന്നു.

യൂറോ കപ്പ് ഫൈനൽ വേദിയായ ജർമ്മനിയിലെ ബെർലിനിൽ ഇംഗ്ലണ്ടിന്റെയും (മുകളിൽ), സ്പെയിനിന്റെയും (താഴെ) ആരാധകർ ആവേശത്തിൽ

Advertisement
Advertisement