കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്, ഒരു ജില്ലയിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Monday 15 July 2024 7:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്.
മഴ ശക്തമായതിനെത്തുടർന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്‌ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് അവധിയാണ്. കണ്ണൂർ, കോഴിക്കോട്,തൃശൂർ,മലപ്പുറം, എറണാകുളം,കാസർകോട് ജില്ലകൾക്കും മാഹിയിലും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും മഴ ശക്തമായതിനാൽ അവധി നൽകിയത്.

ഇതിനിടെ വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകാനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ 16-07-2024 ന് രാവിലെ 08.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 11.30 മുതൽ 16-07-2024 ന് രാത്രി 11.30 വരെ 2.6 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


കന്യാകുമാരി തീരത്ത് പ്രത്യേക ജാഗ്രത നിർദേശം

കന്യാകുമാരി തീരത്ത് 16-07-2024 ന് രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


കേരള തീരത്തും, തമിഴ്നാട് തീരത്തും 16-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

Advertisement
Advertisement