കോപ്പ അമേരിക്ക ഫൈനലിൽ കണ്ണീരണിഞ്ഞ് കളം വിട്ട് മെസി, കാരണമായത് ഒരു പ്രശ്‌നം

Monday 15 July 2024 9:14 AM IST

മയാമി: കോപ്പ അമേരിക്ക ഫൈനലിൽ കണ്ണീരണിഞ്ഞ് ദു:ഖത്തോടെ കളംവിട്ട് അർജന്റീന നായകൻ ലയണൽ മെസി. കാലിനേറ്റ പരിക്കിനെ തുടർന്ന് മുടന്തിയാണ് താരം കളംവിട്ടത്. മത്സരത്തിന്റെ 36-ാം മിനിട്ടിലാണ് മെസിയുടെ കാലിന് പരിക്കുപറ്റിയത്. ഗ്രൗണ്ടിന് പുറത്തേക്ക് പോകാതെ പന്ത് തട്ടിയകറ്റാൻ ശ്രമിക്കവെയാണ് കാലിന് പരിക്കുണ്ടായത്.

64-ാം മിനിട്ടിൽ ബെഞ്ചിലേക്ക് മടങ്ങിയ മെസി ഗോൾനേടി മത്സരം വിജയിപ്പിക്കാനാകാതെ വിഷമത്തോടെ മുഖംപൊത്തി കരയുന്നത് കാണാമായിരുന്നു. നിലവിൽ എക്‌സ്‌ട്രൈ ടൈമിലും അർജന്റീനയ്‌ക്ക് ഗോൾ നേടാനായിട്ടില്ല.

ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിൽ ഇരച്ചുകയറാൻ ശ്രമിച്ചതോടെ കോപ്പ അമേരിക്ക ഫൈനൽ മത്സരം തുടങ്ങാൻ ഒരു മണിക്കൂറോളം വൈകി. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കേണ്ട മത്സരമാണ് ആഘോഷത്തോടെയെത്തിയ ആരാധകരുടെ തള്ളിക്കയറ്റം കാരണം വൈകിപ്പോയത്. 6.45ന് മത്സരം തുടങ്ങി.ആരാധകരെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ കോപ്പ അമേരിക്ക സംഘാടകരായ കോൺമെബോൾ ആദ്യം തയ്യാറായില്ല. ഇതോടെ ഒന്നര മണിക്കൂറോളം മത്സരം താമസിക്കുകയായിരുന്നു.

തിരക്കുകാരണം അർജന്റീനയുടെയും കൊളംബിയയുടെയും കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് പോലും ആദ്യം ഉള്ളിൽ കടക്കാനായില്ല. കാണികളിൽ കുട്ടികൾക്കടക്കം പരിക്കേൽക്കുകയും ചെയ്തു.തിരക്കിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ കാണികളുടെയും കളിക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു.

Advertisement
Advertisement