'തുണിമാറ്റിനോക്കിയപ്പോൾ കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം'; ജോയിയെ കണ്ടെത്തിയത് നഗരസഭാ ജീവനക്കാരാണെന്ന് മേയർ

Monday 15 July 2024 10:50 AM IST

തിരുവനന്തപുരം: കനാലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ജോയിയുടേതാണോയെന്ന കാര്യം കുടുംബം എത്തി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക സ്ഥിരീകരണം വന്നാൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മേയർ വ്യക്തമാക്കി.

'തുടർച്ചയായി 48 മണിക്കൂറിലധികം പരിശോധന നടന്നു. ജോയിയെ കണ്ടെത്താനാകും എന്നായിരുന്നു നമ്മുടെ എല്ലാവരുടെയും പ്രതീക്ഷ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ ശക്തമായ സമയത്ത് പ്രദേശത്ത് നിരീക്ഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിരുന്നു.

ആമയിഴഞ്ചാൻ തോട് ഒഴുകുന്ന എല്ലാ വാർഡുകളിലും നഗരസഭാ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ കളക്ടർ അടക്കമുള്ളവരെ കാര്യം അറിയിച്ചു. കമിഴ്ന്ന് കിടന്നനിലയിലായിരുന്നു മൃതദേഹം. ഔദ്യോഗികമായി കുടുംബം തിരിച്ചറിയണം. അവർ ഉടനെ എത്തും', മേയർ പറഞ്ഞു.

നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് നഗരസഭാ ജീവനക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. '9.15നാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ രീതിയിൽ തുണി കണ്ടതിനെത്തുടർന്ന് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഓരോ സെെഡിൽ നിന്നും നോക്കി വരികയായിരുന്നു', അദ്ദേഹം പറഞ്ഞു.

Advertisement
Advertisement