'കോഴിക്കോട് മെട്രോയും തിരുവനന്തപുരം മെട്രോയും എവിടെ? കേരളത്തിലെ ജനങ്ങൾക്ക് അബദ്ധം പറ്റിയതുകൊണ്ട് നടന്നില്ല'

Monday 15 July 2024 3:51 PM IST

തിരുവനന്തപുരം: കോഴിക്കോട് മെട്രോ, തിരുവനന്തപുരം മെട്രോ പദ്ധതിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കല്ലിട്ടതാണെന്നും സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചത് കൊണ്ടാണ് ആ പദ്ധതികൾ നടക്കാതെ പോയതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ട് പദ്ധതികളും എവിടെയെന്ന് ചോദിച്ച ചാണ്ടി ഉമ്മൻ കൊച്ചി മെട്രോ ഉമ്മൻ ചാണ്ടി ട്രയൽ റൺ നടത്തിയതിന് ശേഷമാണ് പോയതെന്നും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്.

'കോഴിക്കോട് മെട്രോ, തിരുവനന്തപുരം മെട്രോ പദ്ധതികൾക്ക് ഉമ്മൻചാണ്ടി കല്ലിട്ടു. പക്ഷേ, കേരളത്തിലെ ജനങ്ങൾക്ക് ഒരു അബദ്ധം പറ്റി, എൽഡിഎഫിനെ കൊണ്ടുവന്നു അധികാരത്തിൽ. ഒന്നും നടന്നില്ല. തിരുവനന്തപുരം മെട്രോയും കോഴിക്കോട് മെട്രോയും എവിടെ. അദ്ദേഹം കല്ലിട്ടതാ. ഒന്നും ആയിട്ടില്ല. കാരണം ഭരണം മാറി.

ഇവിടെ കല്ലിട്ട കഥ പറയുകയാണെങ്കിൽ എവിടെപ്പോയി തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മെട്രോ. കൊച്ചിയിലെ മെട്രോയ്ക്ക് കല്ലുമാത്രമാണോ ഇട്ടത്. ട്രയൽ റൺ അദ്ദേഹം ഓടിച്ചിട്ടാണ് പോയത്. അദ്ദേഹത്തെ ഉദ്ഘാടനത്തിന് വിളിച്ചോ. കൊച്ചി മെട്രോ കല്ലിട്ട് പൂർത്തിയാക്കി അതിന്റെ ഫിനിഷിംഗ് സ്റ്റേജിൽ എത്തിച്ചു. കല്ലിട്ടത് മാത്രമേ ഉള്ളൂ. ബാക്കിയൊക്കെ ഞങ്ങൾ ചെയ്തതാണെന്ന് പറഞ്ഞാൽ ഒരു അർത്ഥവുമില്ല. ഇവിടുത്തെ റെയിൽവെ, റോഡ് വികസനത്തിന് എന്ത് ചെയ്തു എൽഡിഎഫ് സർക്കാർ'- ചാണ്ടി ഉമ്മൻ ചോദിച്ചു.

Advertisement
Advertisement