' 2025 വരെ ആലപ്പുഴയിൽ താറാവ് ,​ കോഴി വളർത്തലിന് നിരോധനം ഏ‍ർപ്പെടുത്തേണ്ടി വരും'

Monday 15 July 2024 8:12 PM IST

ന്യൂഡൽഹി : 2025 വരെ ആലപ്പുഴയിൽ താറാവ്,​ കോഴി വളർത്തലിന് നിരോധനമേർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

2025 വരെ തത്കാലം നിരോധനം കൊണ്ടുവരേണ്ടി വരും,​ ആലപ്പുഴയിലെ കർഷകരുമായും എം.എൽ.എമാരുമായും സംസാരിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വൈറസിന്റെ ശക്തി കുറയുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. 32 സ്പോട്ടുകൾ വളരെ നിർണായകമാണെന്നും ചിഞ്ചുറാണി കൂട്ടിച്ചേർത്തു. കേരളത്തിൽ വ്യാപകമായി പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിൽ. ആലപ്പുഴ,​ കുട്ടനാട്,​ പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എല്ലാവർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളതു പോലെയുള്ള വൈറസല്ല,​ ഇത്തവണ വേറെ വൈറസാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായി. പക്ഷിപ്പനി സ്ഥിരീകരിക്കാൻ കേരളത്തിൽ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചതായും ചിഞ്ചുറാണി പറഞ്ഞു.