പ്രശ്‌നം തുടങ്ങിയിട്ട് മാസങ്ങളായി, കൊച്ചി തുറമുഖത്തില്‍ പ്രവാസികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

Monday 15 July 2024 9:43 PM IST

കൊച്ചി: ബഹറിന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കൊച്ചി തുറമുഖം വഴി കിട്ടിയത് വലിയ പ്രതിസന്ധി. നാട്ടിലേക്ക് അയച്ച പാഴ്‌സലുകള്‍ മാസങ്ങളായി കൊച്ചി സീ പോര്‍ട്ട് ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്നാണ് പരാതി. കാര്‍ഗോ ഉടമകള്‍ തന്നെയാണ് ഇക്കാര്യം ആരോപിച്ച് രംഗത്തുള്ളത്. സാധനങ്ങള്‍ എത്രയും വേഗം ക്ലിയര്‍ ചെയ്ത് തന്നില്ലെങ്കില്‍ അവ നശിക്കുമെന്നാണ് കാര്‍ഗോ ഉടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

അവധിക്കാലത്ത് നാട്ടിലെത്തുന്നതിന് മുന്നോടിയായി നിരവധിപേരാണ് നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ ഷിപ്പ് കാര്‍ഗോ സംവിധാനം ഉപയോഗിക്കുന്നത്. ചെലവ് കുറവാണെന്നതാണ് ഷിപ്പിംഗ് കാര്‍ഗോ തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ കൊച്ചി തുറമുഖത്ത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കാരണം നാട്ടിലേക്ക് അയച്ച പാഴ്‌സലുകള്‍ പല പ്രവാസികളുടേയും വീട്ടുകാര്‍ക്ക് കിട്ടിയിട്ടില്ല. ഇവ ഇപ്പോഴും തുറമുഖത്ത് തന്നെ കെട്ടിക്കിടക്കുകയാണ്.

സാധനങ്ങള്‍ ക്ലിയര്‍ ചെയ്യാതിരിക്കുമ്പോള്‍ അത് പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ക്ലിയര്‍ ചെയ്യാതെ തടഞ്ഞ് വയ്ക്കുന്ന സാധനങ്ങള്‍ക്ക് സ്‌റ്റോറേജ് ചാര്‍ജ് ഇനത്തില്‍ ഫീസ് നല്‍കണം. ഒരു സാധനം വാങ്ങി അത് നാട്ടിലേക്ക് അയക്കുന്നതിനേക്കാള്‍ ചെലവ് സാധനം ദീര്‍ഘകാലം പിടിച്ച് വയ്ക്കുമ്പോള്‍ സ്‌റ്റോറേജ് ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും എന്നതാണ് ബുദ്ധിമുട്ട്. പ്രവാസികള്‍ അയക്കുന്ന സാധനം സമയത്തിന് എത്താതിരിക്കുമ്പോള്‍ കാര്‍ഗോ കമ്പനികള്‍ക്കും നഷ്ടപരിഹാര ഇനത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് വലിയ തുക നല്‍കേണ്ടി വരുന്നുണ്ട്.

അതേസമയം, സാങ്കേതിക കാരണങ്ങളാണ് ഇത്തരത്തില്‍ ക്ലിയര്‍ ചെയ്യാതെ പാഴ്‌സലുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നാണ് കൊച്ചി തുറമുഖ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാധാരണയായി 18-20 ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടില്‍ എത്തേണ്ട ഷിപ്പ് കാര്‍ഗോ സാധനങ്ങള്‍ ഇപ്പോള്‍ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്.

ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ, ചരക്ക് വൈകുന്നതിനാല്‍ കാര്‍ഗോ കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു.ഇത്തരത്തില്‍ ചരക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ വൈകുന്നത് കൊച്ചിയില്‍ നിന്ന് മാത്രമാണ്. ഇന്ത്യയിലെ മറ്റ് പോര്‍ട്ടുകളില്‍ നിന്ന് അയക്കുന്ന ചരക്കുകള്‍ക്ക് ഈ പ്രശ്‌നമില്ല.

Advertisement
Advertisement