നിറഞ്ഞൊഴുകി പലകപ്പാണ്ടിക്കനാൽ; ചുള്ളിയാറിൽ ജലനിരപ്പ് ഉയർന്നു 

Tuesday 16 July 2024 1:55 AM IST
പലകപ്പാണ്ടി കനാലിലൂടെ ചുള്ളിയാർ ഡാമിലേക്ക് ഒഴുകുന്ന വെള്ളം.

 154.08 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി

 ചുള്ളിയാറും മീങ്കരയും നിറഞ്ഞാൽ മുതലമട, എലവഞ്ചേരി, കൊല്ലംകോട്, വണ്ടിത്താവളം,വടവന്നൂർ പെരുവെമ്പ് തുടങ്ങിയ പഞ്ചായത്തുകളിൽ വെള്ളം ലഭ്യമാകും.

 ജൂലായ് ആറിന് 18.11അടിയായിരുന്ന വെള്ളത്തിന്റെ തോത് ഇന്നലെ 21 അടിയിലേക്ക് ഉയർന്നിട്ടുണ്ട്.

മുതലമട: കാലവർഷം കനത്തതോടെ പലകപ്പാണ്ടി കനാൽ പൂർണ്ണശേഷിയിൽ നിറഞ്ഞൊഴുകി. പലക പാണ്ടി വെള്ളച്ചാട്ടത്തിലെ മുഴുവൻ വെള്ളവും ചുള്ളിയാർ ഡാമിൽ സംഭരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറിഗേഷൻ വകുപ്പ്. വർഷത്തിൽ 300 ദിവസം വെള്ളം ലഭിക്കുന്ന വെള്ളച്ചാട്ടമാണ് പലക പാണ്ടി. ഇതിനൊപ്പം 20ലധികം ചെറു വെള്ളച്ചാട്ടങ്ങളും ശുക്രിയാലും കൂടിച്ചേർന്നാൽ ചുള്ളിയാർ ഡാമിന് സമൃദ്ധമായി വെള്ളം ലഭിക്കും. പലകപാണ്ടിയിൽ നിന്ന് എലവഞ്ചേരി ഭാഗത്തേക്ക് വെള്ളം എത്തിക്കാനുള്ള ഷട്ടറും പൂർണ്ണ തോതിൽ അടച്ചതിനാലാണ് ചുള്ളിയാറിലേക്ക് വെള്ളം നിറഞ്ഞൊഴുകിയെത്തിയത്. ജൂണിൽ കാലവർഷം കനക്കാത്തതിനാൽ ചുള്ളിയാറും മീങ്കരയും ഉൾപ്പെടെയുള്ള ഡാമുകളിൽ ഡെഡ് സ്റ്റോറേജിലാണ് ജലം ഉണ്ടായിരുന്നത്. ചുള്ളിയാറിൽ 136.55 മീറ്റർ എന്ന മിനിമം സംഭരണശേഷി ഉണ്ടായിരുന്ന വെള്ളം പലകപ്പാണ്ടി വെളളമെത്തിയതോടെ 142. 95 മീറ്റർ ആയി ഉയർന്നു.


ഇതിനിടെ പലകപാണ്ടി കനാലിലേക്ക് മരങ്ങളും കൊമ്പുകളും തിങ്ങിവളർന്നു നിൽക്കുന്നതും,​ കഴിഞ്ഞ കാലവർഷത്തിൽ അടിഞ്ഞ മണ്ണും ചെളിയും മാറ്റാത്തതും ജലത്തിന്റെ വരവിനെ പ്രതികൂലമായി ബാധിച്ചെന്ന് കർഷകർ ആരോപിച്ചു. കഴിഞ്ഞ ജല വർഷത്തിൽ അഞ്ചുദിവസം മാത്രമാണ് ചുള്ളിയാർ കൃഷി ആവശ്യത്തിനായി തുറന്നത്. ചുള്ളിയാറിന്റെ ആകെ കനാൽ ശൃഖല 36.52 കിലോമീറ്ററും ചുള്ളിയാർ മീങ്കര കനാൽ ദൂരപരിധി 10.6 കിലോമീറ്ററുമാണ്.


പൂർണ്ണശേഷിയിലാണ് പലകപ്പാണ്ടി കനാലിലൂടെ ജലം ചുള്ളിയാറിലേക്ക് ഒഴുകിയെത്തുന്നത്. 20 ദിവസം തുടർച്ചയായി ഇതേതോതിൽ പെയ്താൽ ഡാമിന്റെ പൂർണ്ണ സംഭരണശേഷിയിൽ എത്താൻ സാധ്യതയുണ്ട്. കനാലിലേക്കുള്ള ചെറു വെള്ളച്ചാട്ടങ്ങളുടെ ഒഴുക്കിലും വർദ്ധനവുണ്ടായതിനാൽ ഡാമിൽ കൂടുതൽ വെള്ളം എത്തുമെന്നാണ് പ്രതീക്ഷ.
ഹരികൃഷ്ണൻ, ഇറിഗേഷൻ അസി. എൻജിനീയർ, ചുളളിയാർ.

Advertisement
Advertisement