ആയിരം കോടി വിറ്റുവരവ് ലക്ഷ്യവുമായി സിസ്ട്രോം ടെക്നോളജീസ്

Tuesday 16 July 2024 12:06 AM IST

തിരുവനന്തപുരം: രാജ്യത്തെ ടെലികോം, നെറ്റ്‌വർക്കിംഗ് ഉത്പന്ന മേഖലയിലെ പ്രമുഖ നിർമ്മാതാക്കളായ സിസ്‌ട്രോം ടെക്‌നോളജീസിന്റെ ആദ്യ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ പ്രവർത്തനമാരംഭിച്ചു.. വ്യവസായമന്ത്രി പി രാജീവ് യൂണിറ്റിൽ സന്ദർശനം നടത്തി. തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ നഗരമായതിന് ശേഷം മാനുഫാക്ചറിംഗ് മേഖലയിൽ നടക്കുന്ന ആദ്യത്തെ സുപ്രധാന നിക്ഷേമാണിതെന്ന് പി. രാജീവ് പറഞ്ഞു.

100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ആരംഭിച്ച ഇലക്ട്രോണിക്സ് ഇക്വിപ്‌മെന്റ്സ് യൂണിറ്റ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ 1000 കോടിയിലധികം വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത നേടാൻ കേരളത്തിനും സുപ്രധാന പങ്ക് വഹിക്കാൻ പുതിയ യൂണിറ്റ് സഹായിക്കും. ഒരു വർഷത്തിനുള്ളിൽ ഉത്പാദനം നാലിരട്ടിയാകുമെന്ന കമ്പനിയുടെ പ്രഖ്യാപനം നിക്ഷേപകരുടെ വിശ്വാസം പ്രകടമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയ 18 പ്രത്യേക മുൻഗണനാ വിഭാഗത്തിൽ വരുന്ന ഇലക്ട്രോണിക്സ് മേഖലയിലും ഗണ്യമായ തോതിൽ നിക്ഷേപങ്ങൾ കടന്നുവരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ബഹുരാഷ്ട്ര കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സാന്നിധ്യവും ഉണ്ടാകുന്നു.

Advertisement
Advertisement