ഓണക്കച്ചവടത്തിനൊരുങ്ങാൻ സപ്ളൈകോയ്ക്ക്  100 കോടി

Tuesday 16 July 2024 12:22 AM IST

തിരുവനന്തപുരം: പ്രതിസന്ധിയിലായ സപ്ളൈകോയ്ക്ക് സർക്കാർ നൂറു കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ഓണ വിപണി സജീവമാക്കാനുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് പ്രതീക്ഷ. വിതരണക്കാർക്ക് 650 കോടിയോളം രൂപ നൽകാനുണ്ട്. ഈ തുക കിട്ടാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് കഴിഞ്ഞ എട്ടുമാസമായി വിതരണക്കാർ. കിട്ടിയ തുക വിതരണക്കാർക്ക് വീതിച്ച് നൽകി അവരെ ഓണക്കാല ടെൻഡറിൽ പങ്കെടുപ്പിക്കാനാണ് ശ്രമം.

വിതരണക്കാർ പിൻമാറിയതോടെ പഞ്ചസാര, ശർക്കര, സാമ്പാർപരിപ്പ് തുടങ്ങിയ ഇനങ്ങൾ ഔട്ട് ലെറ്റുകളിൽ ഇല്ല. 13 സബ്സിഡി സാധനങ്ങളിൽ ഉഴുന്ന്, പയർ, മുളക്, കെ-റൈസ് എന്നിവ മാത്രമാണ് ലഭ്യം. സുരേഖ അരി, ചമ്പാവരി, കടല എന്നിവ ഒരിടത്തുമില്ല. സബ്സിഡി ഇതര സാധനങ്ങളിൽ ‌‌ ശ‌ർക്കര, ഗ്രീൻപീസ്, വടപ്പരിപ്പ്, കടുക്, ജീരകം, ജീരകം, സവാള, വെളുത്തുള്ളി, സാമ്പാർപരിപ്പ് എന്നിവയും ഇല്ല.

മന്ത്രി ജി.ആർ.അനിൽ ഡൽഹിയിൽ നിന്നു മടങ്ങിയെത്തിശേഷം വിതരണക്കാരുമായി ചർച്ച നടത്തും.

ആവശ്യപ്പെട്ടത് 700 കോടി

വിപണി ഇടപെടലിനും കർഷകരിൽ നിന്നു നെല്ല് സംഭരിച്ചതിലെ കുടിശ്ശിക തീർക്കാനുമായി സപ്ലൈകോയ്ക്ക് 700 കോടി രൂപ ആവശ്യപ്പെട്ടാണ് സിവിൽ സപ്ലൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നൽകിയത്.

26ന് വിലക്കയറ്റത്തെ കുറിച്ചും സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കടിശ്ശികയെ കുറിച്ചുമുള്ള കേരളകൗമുദി റിപ്പോർട്ട് റോജി എം. ജോൺ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് ധനമന്ത്രി ഉൾപ്പെടെയുള്ളവർ അനൂകൂലമായി പ്രതികരിച്ചത്.

വേണ്ടത് 2075 കോടി

(ഇനം തിരിച്ച് തുക കോടിയിൽ)

വിപണി ഇടപെടലിന് ആവശ്യം..................... 1475

ചോദിച്ചത്............................................................... 500

കിട്ടിയത്.................................................................. 100

നെല്ല് സംഭരണം നൽകേണ്ടത്.............................. 600

ചോദിച്ചത്............................................................... 200

കിട്ടിയത്...................................................................0

Advertisement
Advertisement