പി.എസ്.സി അംഗത്വ കോഴ: പുറത്താക്കലിന് പിന്നിൽ ഗൂഢാലോചന: പ്രമോദ്

Tuesday 16 July 2024 12:22 AM IST

കോഴിക്കോട്: പി.എസ്.സി.അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയ നിന്ന് പുറത്താക്കപ്പെട്ട സി.പി.എം ഏരിയാകമ്മറ്റി അംഗം പ്രമോദ് കോട്ടുളി. പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു. തന്റെ ഭാഗം മനസിലാക്കാതെയാണ് പാർട്ടി നടപടി. . ഇതിന് പിന്നിലെ ചിലരുടെ ഗൂഢാലോചന പുറത്തുകൊണ്ടു വരുമെന്നും പ്രമോദ് പറഞ്ഞു.

കോഴ നൽകിയെന്നാരോപിക്കപ്പെടുന്ന ഹോമിയോ ഡോക്ടറുടെ ഭർത്താവ് ശ്രീജിത്ത് തന്റെ ബന്ധുവും സുഹൃത്തുമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭാര്യയ്ക്ക് കോഴിക്കോട്ട് നിയമനം കിട്ടുകയായിരുന്നു ആവശ്യം.പക്ഷെ ഒരു പൈസ പോലും കാര്യം ശരിയാക്കാമെന്ന് പറഞ്ഞ് വാങ്ങിയിട്ടില്ല.സത്യാവസ്ഥ തെളിയിക്കാൻ പൊലീസിനും വിജിലൻസിനും പരാതി നൽകും. അതിനുള്ള തെളിവുകൾ ശേഖരിക്കുകയാണിപ്പോൾ.
ശ്രീജിത്തിന്റെ ഭാര്യ മംഗലാപുരത്താണ് ജോലി ചെയ്യുന്നത്. അവർക്ക് നാട്ടിലേക്ക് വരണം. കുടുംബപരമായ പ്രശ്‌നങ്ങളുണ്ട്. പി.എസ്.സി വിഷയമായതിനാൽ തനിക്കൊന്നും ചെയ്യാനാവില്ലെന്ന് തീർത്ത് പറഞ്ഞു. എന്നിട്ടും നിരന്തരം വിളിച്ചു. അപ്പോഴാണ്

സമാധാനിപ്പിക്കാനായി ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് കാണിക്കാൻ ഫോട്ടോ അയച്ചുകൊടുത്തത്.

ഒരു പാർട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീജിത്തിനോട് ഒരു സ്ഥലം വാങ്ങി സഹായിക്കാനാവുമോ എന്നു ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ചിലർ തെറ്റിദ്ധാരണയുണ്ടാക്കി. ജില്ലാ കമ്മറ്റി അംഗം ചതിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. മുൻകൂട്ടി എടുത്ത തീരുമാനപ്രകാരമാണ് തന്നെ പുറത്താക്കിയത്. ജില്ലാ കമ്മറ്റി അംഗം, പരാതികൊടുത്ത ലോക്കൽ കമ്മറ്റി അംഗം എന്നിവർക്കൊപ്പം കൂടുതൽ ആരെങ്കിലുമുണ്ടെങ്കിൽ പുറത്തുവരും. പാർട്ടിയിൽ ക്രിമിനൽ ബന്ധമുള്ളവരുണ്ടെങ്കിൽ പുറത്തുകൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്തമാണ്.ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ പുറത്താക്കിയതിയതിൽ വേദനയുണ്ട്. നിരപരാധിത്വം തെളിയിക്കും. വിഷയത്തിൽ ഒരു ബി.ജെ.പി.നേതാവിനേയും സഹായത്തിന് വിളിച്ചിട്ടില്ലെന്നും പ്രമോദ് പറഞ്ഞു.

Advertisement
Advertisement