അട്ടക്കുഴി റോഡ് തകർന്നു കാൽനടയാത്രപോലും ദുഷ്കരം

Tuesday 16 July 2024 1:57 AM IST

ചെങ്ങന്നൂർ: പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അട്ടക്കുഴി റോഡിലുള്ളത് കുഴികൾ മാത്രം. ഒന്നേകാൽ കിലോ മീറ്റർ വരുന്ന റോഡിലെ ടാറിംഗ് പൂർണമായി തകർന്നു. തദ്ദേശസ്ഥാപനങ്ങളിൽ ഫണ്ടില്ലാത്തത് കാരണം ഗ്രാമീണറോഡുകൾ മിക്കതും തകർച്ചയിലാണ്. പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നാണ് റോഡു തുടങ്ങുന്നത്. പാടശേഖരത്തിനു നടുവിലൂടെയാണ് റോഡു നിർമ്മിച്ചിരിക്കുന്നത്. വെള്ളം കയറാതിരിക്കാൻ ഉയർത്തിയാണ് നിർമ്മിച്ചതും. എന്നാൽ, ടാറിംഗ് തകർന്നതോടെ സഞ്ചാരയോഗ്യമല്ലാതെയായി. തിരുവൻവണ്ടൂർ ക്ഷേത്രം, വനവാതുക്കര കത്തോലിക്കാ പള്ളി, പാണ്ടനാട് മാർത്തോമ്മാ വലിയപള്ളി എന്നിവിടങ്ങളിലേക്കു പോകുന്നത് ഈ റോഡിലൂടെയാണ്. പുതിയ സാമ്പത്തീകവർഷത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായധനം അനുവദിക്കാത്തതിനാലാണ് ഗ്രാമീണറോഡുകളുടെ തകർച്ച പൂർണമായതെന്ന് ആക്ഷേപം ശക്തമാണ്. ചെങ്ങന്നൂരിൽ മുളക്കുഴ ഒഴിച്ചുള്ള പഞ്ചായത്തുകൾക്ക് തനതുവരുമാനം ശുഷ്‌കമാണ്. ശമ്പളംകൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ തുകയിൽ കുറവുവന്നാൽ പഞ്ചായത്തുകൾ വീണ്ടും പ്രതിസന്ധിയിലാകും. തകർന്ന റോഡുകളെക്കുറിച്ച് പരാതികൾ വ്യാപകമായതോടെ ചില പഞ്ചായത്തുകൾ കരാറുകാരുടെ യോഗം വി ളിച്ചിരുന്നു. എന്നാൽ, പ്രവ്യത്തികൾ ഏറ്റെടുക്കാമെന്ന് കരാറുകാർ ഉറപ്പു നൽകിയിട്ടില്ല. കഴിഞ്ഞ വർഷത്തെ പദ്ധതികൾ പൂർത്തിയാക്കണമെങ്കിൽപ്പോലും സഹായം ആവശ്യമാണ്. ഇതിനായി പദ്ധതികൾ പുതുക്കി ജില്ലാ ആസൂത്രണസമിതിക്കു നൽകാനായി തയാറാക്കിയിട്ടുണ്ട്. എന്നാൽ, അറ്റ കുറ്റപ്പണികളടക്കം എത്ര രൂപ അനുവദിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ജില്ലാ ആസൂ ത്രണസമിതി യോഗം ചേരുന്നതും നീളുകയാണ്. മുൻ വർഷത്തെക്കാളും തുക കുറഞ്ഞാൽ പ്രവൃത്തികളുടെ അടങ്കലിൽ വ്യത്യാസം വരുത്തേണ്ടിവരും. അതേസമയം, സർക്കാർ സഹായത്തിനൊപ്പം തനതു ഫണ്ടു കൂടി ഉൾപ്പെടുത്തി പ്രവൃത്തികൾ ചെയ്യാനുള്ള സാമ്പത്തികസ്ഥിതി പഞ്ചായത്തുകൾക്കില്ല.

Advertisement
Advertisement