പ്ലസ്‌വൺ അധിക ബാച്ച് ഉത്തരവ് വൈകുന്നു: സ്കൂളുകളുടെ പട്ടിക പുറത്തുവിടുന്നില്ല

Tuesday 16 July 2024 12:59 AM IST

മലപ്പുറം: ജില്ലയിലെ പ്ലസ്‌ വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ 74 സർക്കാ‌ർ സ്കൂളുകളിലായി 120 താത്കാലിക ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനത്തിൽ സർക്കാർ ഉത്തരവ് വൈകുന്നു. ഏതെല്ലാം സ്‌കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിക്കുക എന്നത് സംബന്ധിച്ച പട്ടിക അഞ്ച് ദിവസമായിട്ടും പുറത്തുവിട്ടിട്ടില്ല. കൊമേഴ്സ് - 61, ഹ്യുമാനിറ്റീസ് - 59 എന്നിങ്ങനെ ബാച്ചുകൾ അനുവദിക്കുമെന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാൽ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല. മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുത്ത് ഉത്തരവായി പുറത്തിറങ്ങണം. ഇത് ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് കൈമാറിയ ശേഷമേ സ്കൂളുകളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കൂ. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളുടെ ലിസ്റ്റടക്കം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് സർക്കാരിലേക്ക് സമർപ്പിച്ചത്. കൂടുതൽ ബാച്ചുകൾ തിരൂർ താലൂക്കിലും കുറവ് നിലമ്പൂരിലുമാണ് ഉൾപ്പെട്ടതെന്നാണ് സൂചന. ക്ലാസ് നടത്തുന്നതിന് കെട്ടിട സൗകര്യമുള്ള സ്‌കൂളുകൾക്കാണ് അന്തിമ ലിസ്റ്റിൽ മുൻഗണന ലഭിക്കുകയെന്നാണ് വിവരം. പഠന സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പിന്തുണ വിദ്യാഭ്യാസ വകുപ്പ് തേടിയിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികവേഗത്തിൽ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രധാനാദ്ധ്യാപകർ ഉയർത്തുന്നത്. ക്ലാസുകൾ തുടങ്ങാൻ വീണ്ടും വൈകുന്ന സ്ഥിതിയാവും. സൗകര്യങ്ങൾ കുറവുള്ള സ്‌കൂളുകളിൽ അധിക ബാച്ച് അനുവദിച്ചാൽ സമയബന്ധിതമായി ഇവ ഒരുക്കുക വെല്ലുവിളിയാവും.

സയൻസുകാ‌ർ നിരാശയിൽ

നിലവിൽ ജില്ലയിൽ സർക്കാർ മേഖലയിൽ 168 സയൻസ് ബാച്ചുകളും 122 ഹ്യുമാനിറ്റീസ് ബാച്ചും 162 കൊമേഴ്സ് ബാച്ചുകളുമാണുള്ളത്. പുതുതായി അനുവദിച്ച ബാച്ചുകളിൽ സയൻസ് ഉൾപ്പെടാത്തത് വിദ്യാർത്ഥികളെ നിരാശരാക്കിയിട്ടുണ്ട്. മികച്ച മാർക്കോടെ വിജയിച്ച വിദ്യാർത്ഥികളിൽ പലരും സയൻസ് ലഭിക്കാത്തതിനാൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ പ്രവേശനം നേടി. അധിക ബാച്ചിൽ സയൻസ് അനുവദിക്കുമ്പോൾ അവയിലേക്ക് മാറാമെന്ന പ്രതീക്ഷയിലായിരുന്നു. സയൻസ് ബാച്ചിന് ലാബ് അടക്കമുള്ള സൗകര്യങ്ങൾ വേണ്ടിവരും. ഇത് വേഗത്തിൽ ഒരുക്കുക പ്രായോഗികമല്ല എന്നതാണ് സർക്കാരിനെ പിന്നോട്ടുവലിച്ചത്.

പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സർക്കാരിൽ നിന്ന് ഉത്തരവ് ലഭിക്കും മുറയ്ക്കേ തുടർനടപടികളിലേക്ക് കടക്കാനാവൂ.

ഹയർസെക്കൻഡറി ഡയറക്ടറേറ്റ് (അക്കാദമിക്)​ അധികൃതർ

Advertisement
Advertisement