പനി വ്യാപനം: സ്കൂളുകളിൽ മാസ്കിന് കളക്ടർ നിർദ്ദേശമേകും

Tuesday 16 July 2024 12:03 AM IST

മലപ്പുറം: പകർച്ചപ്പനി സാദ്ധ്യത നിലനിൽക്കുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾ മാസ്‌ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകും. സ്റ്റോപ്പ് ഡയേറിയ കാമ്പെയിനിന്റെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തിലാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ തീരുമാനം. പകർച്ചപ്പനി പടരുന്നത് തടയാൻ ഫലപ്രദമായ മാർഗ്ഗമെന്ന നിലയ്ക്കാണ് മാസ്‌ക് ഉപയോഗിക്കുക. വിദ്യാലയങ്ങൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണമെന്നും കളക്ടർ നിർദേശിച്ചു. കൈകഴുകുന്ന ശീലം ഉൾപ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ആഘോഷച്ചടങ്ങുകളിൽ നിന്ന് വെൽകം ഡ്രിങ്ക് പൂർണമായും ഒഴിവാക്കണമെന്ന് കളക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങൾ പടരുന്നതിന് വെൽകം ഡ്രിങ്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തിളപ്പിക്കാത്ത വെള്ളവും ഭക്ഷ്യയോഗ്യമല്ലാത്ത ഐസും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. പകർച്ച വ്യാധികൾ പടരുന്നതിന് ആഘോഷവേളകൾ കാരണമാകരുതെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ പ്രതിരോധ കുത്തിവയ്പ്പുകൾ ഊർജ്ജിതമാക്കുന്നതിന് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യാനും ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗം തീരുമാനിച്ചു. സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന വിധത്തിൽ അപേക്ഷാഫോറത്തിൽ കോളം ഉൾപ്പെടുത്തും. വാക്സിനേഷൻ എടുക്കാത്ത കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായകമാവുമെന്നും അപേക്ഷാഫോറം അതനുസരിച്ച് പരിഷ്‌കരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അസി. കളക്ടർ വി.എം.ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ഹന്ന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ, ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ പമീലി, ലോകാരോഗ്യ സംഘടനയുടെ ജില്ലയിലെ പ്രതിനിധികളായ ഡോ.ആർ സന്തോഷ്, ഡോ. ആശ രാഘവൻ, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ (ഇൻ ചാർജ്) ഡോ.കെ.കെ ഉഷ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ജയകൃഷ്ണൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, എം.ഇ.എസ് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.മുബാറക് സാനി, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement