അരോമ മണിക്ക് അന്ത്യാഞ്ജലി

Tuesday 16 July 2024 1:05 AM IST

തിരുവനന്തപുരം: നിർമ്മാതാവും സംവിധായകനുമായ അരോമ മണി എന്ന എം. മണി (85) ഇനി ദീപ്തസ്മരണ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അരുവിക്കരയിലെ അരോമ ഗാർഡൻസിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുത്ത മകൻ എം.സുനിൽകുമാർ ചിതയ്ക്ക് അഗ്നി പകർന്നു.

തിരുവനന്തപുരത്ത് കുന്നുകുഴി മീനാഭവനിൽ ‌‌ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ രോഗത്താൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. വസതിയിലും തുടർന്ന് തൈക്കാട് ഭാരത്‌ഭനിലും നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ,സാംസ്കാരിക,ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അ‌ർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ,മുൻ മന്ത്രി സി.ദിവാകരൻ,എം.എൽ.എമാരായ വി.കെ.പ്രശാന്ത്,ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി.അജോയ്,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,സംവിധായകരായ കെ.മധു,ഷാജി കൈലാസ്,ടി.എസ്.സുരേഷ് ബാബു,തുളസീദാസ്,രാജസേനൻ,ബാലുകിരിയത്ത്,ശാന്തിവിള ദിനേശ്,സംവിധായകനും അഭിനേതാവുമായ രൺജി പണിക്കർ,തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി,നിർമ്മാതാക്കളായ സുരേഷ്‌കുമാർ,രഞ്ജിത്ത്,കല്ലിയൂ‌ർ ശശി,ഷാജി നടേശൻ, അഭിനേതാക്കളായ മേനക,ജലജ,നന്ദു,ഭാഗ്യലക്ഷ്മി,ബിജു പപ്പൻ,മായ വിശ്വനാഥ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 9ന് കുന്നുകുഴിയിലെ വീട്ടിൽ നടക്കും.

Advertisement
Advertisement