ഗതാഗതം തടസപ്പെട്ടു, വൈദ്യുതി​ മുടങ്ങി​

Tuesday 16 July 2024 12:14 AM IST

മല്ലപ്പള്ളി : കാറ്റിലും മഴയിലും മരം വീണ് പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ മൂന്ന് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കോട്ടയം - കോഴഞ്ചേരി സംസംസ്ഥാന പാതയിലും പടുതോട് - കാവുംപുറം റോഡിലും 15 മിനിറ്റോളം ഗതാഗതം മുടങ്ങി​. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് മരങ്ങൾ റോഡിന് കുറുകെ വീണത്. പടുതോട് - കാവുംപുറം റോഡിൽ പടുതോട് പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ തേക്കുമരം ഇലവൻ കെ.വി ലൈനിന് മുകളിൽ ഒടിഞ്ഞ് വീണു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി പരിയാരം സ്വദേശിനിയായ സ്കൂട്ടർ യാത്രി​ക രക്ഷപെട്ടത്ത് തലനാരിഴയ്ക്കാണ്. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ നാലിടങ്ങളിൽ മരം റോഡിന് കുറുകെ പതിച്ചു. പടുതോട് ക്ഷേത്രത്തിന് സമീപം ഇരുവശങ്ങളിലായി സ്വകാര്യ വ്യക്തികളുടെ പ്ലാവ്, തേക്ക് എന്നി​വ ഒടിഞ്ഞ് വൈദ്യുത ലൈനിന് മുകളിൽ പതിച്ചു. മല്ലപ്പള്ളി കടുവാകുഴിക്ക് സമീപവും ഈട്ടിക്കപടിയ്ക്ക് സമീപവും തേക്കുമരങ്ങൾ വൈദ്യുത ലൈനിന് മുകളിൽ പതി​ച്ചു. 20 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വൈദ്യുതി​ വി​തരണം പുനസ്ഥാപി​ക്കാനായി​ട്ടി​ല്ല. കൊറ്റനാട് പഞ്ചായത്തിൽ 12-ാം വാർഡിൽ ചാമക്കാലായിൽ സിനാജിന്റെ വീടിന് മുകളിൽ പുളിമരം വീണ് ഷീറ്റും ഓടും തകർന്നു.

Advertisement
Advertisement