കേരളത്തിലെ എല്ലാ വീടുകളേയും ബാധിക്കും, ഇങ്ങനെ പോയാല്‍ 80 ശതമാനവും അടച്ച് പൂട്ടേണ്ടിവരും

Tuesday 16 July 2024 12:46 AM IST

കൊച്ചി: സബ്‌സിഡി മണ്ണെണ്ണ വിതരണത്തിനുള്ള പുതിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 80 ശതമാനം കടകളെയും പൂട്ടിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. സബ്സിഡി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷന്‍ കടകള്‍ വഴി മാത്രം വിതരണം ചെയ്യാനാണ് ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പിന്റെ നീക്കം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയത്തില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കച്ചവടം പൂട്ടേണ്ടി വരും

പുതിയ നടപടി റേഷന്‍ വ്യാപാരികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുമെന്നും മിക്കവരുടെയും കച്ചവടം ഇല്ലാതാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. ഒരു പഞ്ചായത്തിലെ ചുരുക്കം റേഷന്‍ കടകളില്‍ മാത്രം മണ്ണെണ്ണ എത്തുമ്പോള്‍ ഈ കടകളില്‍ നിന്ന് തന്നെ കാര്‍ഡ് ഉടമകള്‍ അരിയും മറ്റ് സാധനങ്ങളും വാങ്ങിക്കും. ഇത് മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാര്‍ഡുടമകളാണ് മണ്ണെണ്ണയ്ക്ക് അര്‍ഹര്‍. വര്‍ഷത്തില്‍ നാല് ഗഡുക്കളായി രണ്ട് ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുക. സ്വകാര്യ ഏജന്‍സികളാണ് ഇപ്പോള്‍ റേഷന്‍ കടകളില്‍ മണ്ണെണ്ണ എത്തിക്കുന്നത്. ജില്ലയില്‍ മുമ്പ് 20 ഓളം ഏജന്‍സികള്‍ മണ്ണെണ്ണ വിതരണം നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ നാലെണ്ണമായി ചുരുങ്ങി.

കച്ചവടം കുറയാനുള്ള കാരണങ്ങള്‍

1. വീടുകള്‍ വൈദ്യുതീകരിച്ചതിനാലും എല്‍.പി.ജി കണക്ഷന്‍ ഉള്ളതിനാലും മണ്ണെണ്ണ വിതരണം കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനാല്‍ മണ്ണെണ്ണ വരവ് കുറഞ്ഞു.

2. ലഭ്യതയില്‍ കുറവ് വന്നതിനാല്‍ ഓരോ കടയിലും മണ്ണെണ്ണ എത്തിക്കുന്നത് നഷ്ടമാണ്. മൊത്തവ്യാപാരികള്‍ വാതില്‍പ്പടി സേവനത്തിന് തയ്യാറാകുന്നില്ല.

മുന്‍ഗണനാ കാര്‍ഡുകള്‍ 41,97,449

എ.എ.വൈ 5,87,897

പി.എച്ച്.എച്ച്- 3,60,9552

അര ലിറ്രര്‍ മണ്ണെണ്ണയുടെ വില 35.50

റേഷന്‍ വ്യാപാരികളുടെ അന്നംമുട്ടിക്കുന്ന നടപടിയാണിത്. റേഷന്‍ വ്യാപാരികള്‍ തമ്മില്‍ സംഘര്‍ഷത്തിന് ഇടയാകും. മണ്ണെണ്ണ വാതില്‍പ്പടി സേവനമായി അനുവദിക്കുകയും ഇതിനാവശ്യമായ വേതനം നല്‍കുകയും വേണം.

എന്‍. ഷിജീര്‍- സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടേയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍

Advertisement
Advertisement