ഇനിയൊരു പ്രളയം താങ്ങില്ല മുല്ലപ്പെരിയാ‌ർ, '99'ലെ ആധികാരിക റിപ്പോർട്ട് കേരളകൗമുദിക്ക്

Tuesday 16 July 2024 1:33 AM IST
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാർശ്വഭിത്തിയുടെ ദുർബലാവസ്ഥ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്

കൊച്ചി: നൂറു വർഷം മുമ്പത്തെ മഹാപ്രളയത്തിന് (99ലെ പ്രളയം) മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലപ്രവാഹവും കാരണമായെന്നും സമാനമായൊരു പ്രളയമുണ്ടായാൽ അണക്കെട്ടിന് അപകടമുണ്ടാകുമെന്നുമുള്ള ആധികാരിക റിപ്പോർട്ട് കേരളകൗമുദിക്ക് ലഭിച്ചു. അന്നത്തെ ഡാം സൂപ്രണ്ട് ജെ. ജോൺസൻ തയ്യാറാക്കി മദ്രാസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണിത്.

1924 ജൂലായ് 16,17 തീയതികളിൽ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത പേമാരിയിൽ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടാണ് ജലപ്രവാഹത്തെ അന്ന് അതിജീച്ചതെന്നും ജെ. ജോൺസൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

1924 ജൂലായ് 16ന് വൈകിട്ട് 5.30 മുതൽ 17ന് രാവിലെ 10 വരെ 10 ഷട്ടറുകളും തുറന്നിട്ട് സെക്കൻഡിൽ 89,217 ഘനയടി ജലമൊഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് താണില്ല. 152 അടി പരമാവധി സംഭരണശേഷിയും കവിഞ്ഞ് 153.90 അടി വരെ ജലനിരപ്പെത്തി. ഗുരുതരാവസ്ഥ തിരുവിതാംകൂർ സർക്കാർ അറിഞ്ഞില്ല. അണക്കെട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയിക്കാൻ തിരുവിതാംകൂർ സർക്കാരിലേക്ക് നാലു തവണ ടെലിഗ്രാം അയച്ചെങ്കിലും സന്ദേശം ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

അണക്കെട്ട് തുറുന്നുവിടേണ്ട സാഹചര്യമുണ്ടായാൽ തിരുവിതാംകൂർ ചീഫ് സെക്രട്ടറി, കോട്ടയം ദിവാൻ പേഷ്കാർ, തിരുവിതാംകൂർ ചീഫ് എൻജിനിയർ, കൊച്ചി ദിവാൻ, ദേവികുളം കമ്മിഷണർ എന്നിവർക്ക് ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു മുല്ലപ്പെരിയാർ പാട്ടക്കരാറിലെ വ്യവസ്ഥ.

 ദുരന്തം ആവർത്തിച്ചാൽ

1924ന് സമാനമായ രീതിയിൽ പ്രളയമുണ്ടായാൽ മുല്ലപ്പെരിയാർ അണക്കെട്ട് അപകടത്തിലാകുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഡാം സൂപ്രണ്ടിന്റെ റിപ്പോർട്ടിന് അനുബന്ധമായുള്ളതാണിത്. അണക്കെട്ടിന്റെ വലതുവശത്തെ പാർശ്വഭിത്തിയുടെ (മൺതിട്ട) ദുർബലാവസ്ഥയാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.

 99ലെ വെള്ളപ്പൊക്കം

1924 (കൊല്ലവർഷം 1099 കർക്കടകം 1) ജൂലായ് 15 മുതൽ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പേമാരിയും മഹാപ്രളയവുമാണ് 99ലെ വെള്ളപ്പൊക്കം. നാശനഷ്ടങ്ങളും ആയിരങ്ങളുടെ ജീവഹാനിയും സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല.

Advertisement
Advertisement