സർക്കാർ അഭിഭാഷകന് ഹൈക്കോടതിയുടെ ശകാരം

Tuesday 16 July 2024 1:36 AM IST

കൊല്ലം: അഷ്ടമുടി കായൽ കൈയേറ്റവും മലിനീകരണവും സംബന്ധിച്ച് അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത ഹർജി പരിഗണിക്കവേ സർക്കാർ അഭിഭാഷകന് ഹൈക്കോടതിയുടെ ശകാരം. കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ഒഴിപ്പിക്കൽ പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണെന്നും ഉന്നയിച്ചപ്പോഴാണ് കോടതി ഇടപെട്ടത്.

കളക്ടറും സബ് കളക്ടറുമാണ് കൈയേറ്റം ഒഴിപ്പിക്കാൻ നിയമപരമായി ബാദ്ധ്യതപ്പെട്ടവരെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിടും മുമ്പ് കൈയേറ്റം സംബന്ധിച്ച നടപടികളുടെ റിപ്പോർട്ട് നൽകാൻ കൊല്ലം സബ് കളക്ടർക്ക് വേണ്ടി അഭിഭാഷകൻ സാവകാശമാവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസ് വിളിക്കും മുമ്പ് റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.അജ്മൽ കരുനാഗപ്പള്ളി, അഡ്വ.ധനുഷ് ചിറ്റൂർ, അഡ്വ.പ്രിയങ്ക ശർമ്മ, അഡ്വ.അനന്യ എന്നിവർ ഹാജരായി.

Advertisement
Advertisement