ഒരുകോടിയിലധികം പേർ താമസിക്കുന്നിടത്ത് പ്രശ്‌നമില്ല, പക്ഷേ 10 ലക്ഷം ജനസംഖ്യയുള്ല കേരളത്തിലെ നഗരങ്ങളിൽ മാലിന്യം അടിയുന്നതിന് കാരണം

Tuesday 16 July 2024 8:52 AM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യക്കൂമ്പാരത്തിൽ ജീവൻ നഷ്‌‌ടമായ ജോയി, നമ്മുടെ മനസിൽ നൊമ്പരമായി നിലകൊള്ളുകയാണ്. ഈ അവസരത്തിൽ, പത്ത് ലക്ഷത്തിൽ താഴെ മാത്രമുള്ള കേരളത്തിലെ നഗരപ്രദേശങ്ങളിൽ എന്തുകൊണ്ട് മാലിന്യം നിർമാർജനം കാര്യക്ഷമമായി നടക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഒരു കോടിയിലധികം ആളുകൾ പാർക്കുന്ന അനവധി നഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. അവയിൽ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളിൽ നഗര ജീവിതത്തെ മാലിന്യങ്ങൾ നരകമാക്കുന്നില്ല എന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

എഴുത്തിന്റെ പൂർണരൂപം-

മാലിന്യത്തിൽ മുങ്ങിത്താഴുന്ന കേരളം

നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണം പത്തൊന്പതാം നൂറ്റാണ്ടിൽ തന്നെ ലോകത്ത് വലിയൊരു വെല്ലുവിളിയായതാണ്. ഇരുപതാം നൂറ്റാണ്ടിൽ എൻജിനീയർമാർ ഈ വിഷയത്തിന് അനവധി സാങ്കേതിക പരിഹാരങ്ങൾ കണ്ടുപിടിച്ചു. ഒരു കോടിയിലധികം ആളുകൾ പാർക്കുന്ന അനവധി നഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. അവയിൽ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളിൽ നഗര ജീവിതത്തെ മാലിന്യങ്ങൾ നരകമാക്കുന്നില്ല.

കേരളത്തിലെ നഗരങ്ങൾ പൊതുവെ വൻ നഗരങ്ങളല്ല. പത്തുലക്ഷത്തിൽ താഴെയാണ് മിക്കവാറും നഗരങ്ങളിൽ ജനസംഖ്യ. എന്നിട്ടും ആധുനിക മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ നമുക്കില്ല. വലുതും ചെറുതുമായ നഗരങ്ങൾ എല്ലാം മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകൾ ശുദ്ധജലം ഒഴുകുന്ന ധമനികൾ എന്നതിനപ്പുറം മാലിന്യം ഒഴുകുന്ന ഓടകൾ ആകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുന്നു. ഒരു മനുഷ്യൻ അതിൽ വീണാൽപോലും വീണ്ടെടുക്കാൻ ബുദ്ധിമുട്ടുന്ന തരത്തിലേക്ക് അത് മാറുന്നു.

ഇതിന് പല കാരണങ്ങളുണ്ട്. നഗരജീവിതത്തിൻറെയും നമ്മുടെ ഉപഭോഗത്തിന്റെയും യഥാർത്ഥ ചിലവ് വഹിക്കാൻ നാം തയ്യാറല്ല എന്നതാണ് അടിസ്ഥാന കാരണം. പകുതി ചിലവ് പ്രകൃതിയിലേക്ക് മാറ്റുകയാണ്. പ്രകൃതിക്ക് ഉൾക്കൊള്ളാവുന്നതിന്റെ പരിധി കഴിയുമ്പോൾ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നു. നമ്മുടെ ജീവിതരീതിയുടെ യഥാർത്ഥചിലവ് വഹിക്കാൻ നാം തയ്യാറാവുകയും ആധുനികമായ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുകയും ആണ് പ്രതിവിധി.

Advertisement
Advertisement