ജോയിയെ കണ്ടെത്താൻ മാലിന്യപ്പുഴയിലിറങ്ങിയ ഫയർഫോഴ്‌സുകാർക്ക് എത്രരൂപയാണ് സർക്കാർ കൊടുക്കുന്നതെന്ന് അറിയുമോ

Tuesday 16 July 2024 2:19 PM IST

തിരുവനന്തപുരം: സ്വജീവൻ പണയം വച്ച് ആമയിഴഞ്ചാൻ തോട്ടിൽ രണ്ട് ദിവസത്തിലേറെ ഒരു മനുഷ്യനുവേണ്ടി തിരച്ചിലിനിറങ്ങിയ സ്‌കൂബാ ഡൈവർമാർ ആദരങ്ങൾക്കും അപ്പുറത്ത് ചിലതുകൂടി അർഹിക്കുന്നുണ്ട്. ഫയർഫോഴ്സ് ജീവനക്കാരിൽ നിന്ന് 500 രൂപ മാത്രമാണ് അത്യന്തം അപകടസാദ്ധ്യതയുള്ള ഈ ജോലിക്ക് ഇവർക്ക് അധികമായി ലഭിക്കുന്നത്.

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായാലോ രോഗബാധിതരായാലോ,​ അപകടം സംഭവിച്ചാലോ ഇൻഷ്വറൻസ് പരിരക്ഷ പോലുമില്ല. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് ആരും പുതുതായി കടന്നുവരുന്നുമില്ല. ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന് കാലങ്ങളായി ഇവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

2020 മുതലാണ് ഫയർ ഫോഴ്സിൽ സ്‌കൂബാ ടീമിനെ ഏർപ്പെടുത്തിയത്. കേരളത്തിലാകെ 250 ൽ താഴെ അംഗങ്ങൾ മാത്രമാണുള്ളത്.എന്നാൽ അവശ്യ ഘട്ടങ്ങളിൽ ജോലിക്കിറങ്ങുന്നത് നൂറുപേരിൽ താഴെ മാത്രം. തലസ്ഥാനത്ത് 23 പേരാണ് ഉള്ളതെങ്കിലും അടിയന്തരഘട്ടങ്ങളിൽ വെള്ളത്തിലിറങ്ങുന്നത് 10 പേർ മാത്രം.


അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ബി.സുഭാഷ്, സജയൻ,അനു, വിജിൻ, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് ജോയിയെ കണ്ടെത്താൻ ആമയിഴഞ്ചാനിൽ ഇറങ്ങിയത്. യാതൊരു ആരോഗ്യ മുൻകരുതലുകളും ഇവർക്ക് അപ്പോൾ ഒരുക്കിയിരുന്നില്ല. മനോധൈര്യം മാത്രമായിരുന്നു കൈമുതൽ. ഏല്പിച്ച ജോലി ഒരുമടിയുമില്ലാതെ അവർ ചെയ്തു. ഒരു ജീവൻ തിരിച്ചുപിടിക്കാനായാൽ അവർ സ്വയം ആശ്വസിക്കും. ഞായറാഴ്ച മാത്രമാണ് ആരോഗ്യ വകുപ്പ് ഇവർക്ക് എലിപ്പനിക്കുള്ള ഡോക്സിസൈക്ലിൻ ഗുളികയും ടെറ്റനസ് പ്രതിരോധ കുത്തിവയ്പും നൽകിയത്. മൂന്നുദിവസം തുടർച്ചയായി മലിനജലത്തിൽ നിന്നതിനാൽ ഇവരെ ഇന്നലെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇ.എൻ.ടി, ത്വക്ക്, ജനറൽ ചെക്കപ്പ് എന്നിവയാണ് നടത്തിയത്. ഉപ്പുവെള്ളത്തിൽ കുളിച്ചാൽ എല്ലാ രോഗബാധയും മാറുമെന്ന പ്രതീക്ഷയിൽ സ്‌കൂബാ ടീം അംഗങ്ങൾ ഇന്നലെ കടലിൽ കുളിക്കാനിറങ്ങി. അടുത്ത രക്ഷാപ്രവർത്തനത്തിനുള്ള സാഹചര്യം മുന്നിൽ കാണുമ്പോഴും തങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടികൾ കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.

Advertisement
Advertisement