ഓണ്‍ലൈനായി ഇനി മദ്യം ലഭിക്കും? കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടങ്ങി വിതരണക്കാര്‍

Tuesday 16 July 2024 7:33 PM IST

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗി പോലുള്ള കമ്പനികള്‍ വഴി മദ്യവും വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായി വിവരം. കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളുമായി വിതരണകമ്പനിക്കാര്‍ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. ദേശീയ മാദ്ധ്യമമായ എക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്‌നാട്, ഗോവ, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുമായി ചര്‍ച്ച പുരോഗമിക്കുന്നുവെന്നാണ് വിവരം.

അതേസമയം ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച് അതിന്റെ എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കാന്‍ സാദ്ധ്യതയുള്ളൂ. കേരളത്തില്‍ പുതിയ മദ്യനയം രൂപീകരിക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ നേരത്തെ വിവിധ വകുപ്പുകളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയും ഡ്രൈ ഡേ പിന്‍വലിക്കലുമെല്ലാം ഇത്തരത്തില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങളാണെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിച്ചിരുന്നില്ല.

കേരളത്തിലെ സാഹചര്യത്തില്‍ മദ്യനയവുമായി ബന്ധപ്പെട്ട ഏത് കാര്യവും മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ മാത്രമേ ഇത്തരമൊരു കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും മുന്നോട്ട് പോകുകയുള്ളൂ. പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമ്പനികള്‍ ഇതിനകം തന്നെ മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കൊവിഡ്-19 ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി മദ്യ വിതരണത്തിനുള്ള താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ലോക്ഡൗണ്‍ അവസാനിച്ചതോടെ ഈ സംസ്ഥാനങ്ങളില്‍ ഹോം ഡെലിവറി സൗകര്യവും നിര്‍ത്തി. നിയമപ്രകാരം ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമായിരിക്കും മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണം. പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിന് വേണ്ടുന്ന നടപടികളും ഉറപ്പാക്കും.

Advertisement
Advertisement