ഒരു കിലോയ്ക്ക് വില ആറ് ലക്ഷം വരെ, 450 കിലോഗ്രാം തൂക്കവും മനുഷ്യനേക്കാള്‍ ആയുസും

Tuesday 16 July 2024 8:14 PM IST

മുംബയ്: കഴിഞ്ഞയാഴ്ച നടന്ന അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെ വിവാഹം നടന്നത്. ഇന്ത്യയില്‍ ഇതുപോലൊരു വിവാഹം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പല കാരണങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്ന വിവാഹത്തില്‍ വിളമ്പിയ ഒരു വിഭവമാണ് ഇപ്പോള്‍ താരം. കവിയാര്‍ എന്ന മീന്‍ മുട്ടകൊണ്ടുള്ള വിഭവമാണ് സംഗതി. കാസ്പിയന്‍ കടലിടുക്കിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റര്‍ജന്‍ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കവിയാര്‍.

മീന്‍മുട്ടയാണെന്ന് കരുതി വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന സാധനമാണെന്ന് കരുതേണ്ട. കവിയാര്‍ വാങ്ങിക്കാന്‍ ഒരു കിലോയ്ക്ക് ആറ് ലക്ഷം രൂപ വരെ വിലയായി നല്‍കണം. സ്റ്റര്‍ജന്‍ ഫിഷുകള്‍ എണ്ണത്തില്‍ വളരെ കുറവാണെന്നതാണ് മുട്ടയ്ക്ക് ഇത്രയും വില കൂടാനുള്ള കാരണം. കവിയാര്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള രാജ്യം ചൈനയാണ്. പെണ്‍ മല്‍സ്യങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ എട്ട് മുതല്‍ ഇരുപതു വര്‍ഷം വരെ വേണ്ടിവരും.

മനുഷ്യനേക്കാള്‍ ആയുസ്സുള്ള മീനുകളാണെന്നതാണ് സ്റ്റര്‍ജന്‍ ഫിഷിന്റെ പ്രത്യേകത. പരമാവധി 100 വര്‍ഷം വരെ ഒരു മീന്‍ ജീവിച്ചിരിക്കും. 450 കിലോഗ്രാം തൂക്കം വരെയാണ് ഈ മീനുകള്‍ക്ക് ഉണ്ടാകുക. വ്യാവസായിക അടിസ്ഥാനത്തില്‍ ഫാമുകളില്‍ വളര്‍ത്തുന്നവയ്ക്ക് അത്രയും തൂക്കമുണ്ടാകില്ല. ഏറ്റവും വിലപിടിപ്പുള്ള കവിയാര്‍ ബെലൂഗ എന്ന മല്‍സ്യത്തിന്റെയാണ്. ലോകത്ത് ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ സ്റ്റര്‍ജന്‍ ഫിഷിന്റെ തൂക്കം 1671 കിലോഗ്രാം ആണ്.

Advertisement
Advertisement