ആവർത്തനം തിരു. മെഡിക്കൽ കോളേജിൽ: ലിഫ്റ്റിൽ വനിതാ ഡോക്ടറും രോഗിയുമുൾപ്പെടെ കുടുങ്ങി

Wednesday 17 July 2024 1:43 AM IST

തിരുവനന്തപുരം/ഉള്ളൂർ: അയ്യോ രക്ഷിക്കണേ,​ ലിഫ്റ്റ് നിന്നുപോയേ... വനിതാ ഡോക്ടർ നിലവിളിച്ചു. ഡോറിൽ ആഞ്ഞിടിച്ചു. ഭാഗ്യം,​ രോഗികളുടെ കൂട്ടിരിപ്പുകാർ കേട്ടു. ഡോക്ടറെയും ഒപ്പമുണ്ടായിരുന്ന രോഗിയെയും കൂട്ടിരിപ്പുകാരനെയും 15 മിനിട്ടിനകം രക്ഷിച്ചു. ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയത് വിവാദമായ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് തൊട്ടടുത്ത ദിനം ഈ സംഭവവും.

ഇ.എൻ.ടി വിഭാഗത്തിലെ ആൻസിലയാണ് കുടുങ്ങിയ ഡോക്ടർ. അത്യാഹിത വിഭാഗത്തിൽ നിന്ന് സ്കാനിംഗ് വിഭാഗത്തിലേക്കുള്ള 7-ാം നമ്പർ ലിഫ്റ്റിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

യാത്രക്കാരുമായി ഉയർന്ന ലിഫ്റ്റ് ഗ്രൗണ്ട് ഫ്‌ളോറിനും ഒന്നാം നിലയ്ക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഡോറിൽ ഇടിക്കുന്നത് കേട്ടവർ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാർ ഉൾപ്പെടെ പാഞ്ഞെത്തി. ഇതിനിടെ ഓപറേറ്റർമാരെ കൂട്ടിക്കൊണ്ട് വന്ന ലിഫ്റ്റ് താഴെ ഇറക്കി വാതിൽ തുറന്നു. ഭയന്ന് കരയുകയായിരുന്നു ഡോക്ടർ. വൈദ്യുതി ബന്ധം നിലച്ചതാണ് കാരണമെന്നും ഇത്തരം തകരാറുകൾ പതിവാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

കേസെടുത്ത് കമ്മിഷൻ

ശനിയാഴ്ച ചികിത്സക്കെത്തിയ രവീന്ദ്രൻ നായർ 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു. ഡീലക്സ്‌ പേവാർഡിൽ ചികിത്സയിലുള്ള രവീന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്നലെ സന്ദർശിച്ച ശേഷം മന്ത്രി വീണാജോർജ് അറിയിച്ചു.

രോഗി താഴേക്ക് ചാടി

അതിനിടെ,​ മാനസികാസ്വാസ്ഥത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മെഡിക്കൽ കോളേജ് ആശുപത്രി മൂന്നാം നിലയിൽ നിന്നു താഴേക്ക് ചാടി. വള്ളക്കടവ് സെന്റ് തോമസ് ഹൗസിൽ ഗോലിൻ പീറ്ററാണ്(45) ഇന്നലെ രാവിലെ പത്തോടെ ചാടിയത്. രണ്ടാം നിലയിലെ പടിക്കെട്ടിൽ വീണ് കാലിന് പൊട്ടലുണ്ടായി. ശരീരമാസകലം മുറിവും ചതവുമേറ്റി. 13 വർഷമായി പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്ന് ഒരുമിച്ച് കഴിച്ചെന്ന സംശയത്തെ തുടർന്നാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

Advertisement
Advertisement