എംബാപ്പെ റയലിൽ അവതരിച്ചു

Tuesday 16 July 2024 11:24 PM IST

മാഡ്രിഡ് : പുതിയ സീസണിലേക്ക് കരാർ ഒപ്പിട്ട സൂപ്പർ താരം കിലിയൻ എംബാപ്പയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ്. യൂറോ കപ്പിന് മുന്നേ എംബാപ്പെയുമായി ക്ളബ് കരാർ ഒപ്പിട്ടിരുന്നു. യൂറോകപ്പ് കഴിഞ്ഞ് ഇന്നലെയാണ് താരം റയൽ ആരാധകർക്ക് മുന്നിലെത്തിയത്.

2015ൽ ഫ്രഞ്ച് ക്ളബ് മൊണാക്കോയുടെ ബി ടീമിലൂടെയാണ് എംബാപ്പെ പ്രൊഫഷൽ ഫുട്ബാളിലേക്ക് കാലെടുത്തുവച്ചത്. 2017ൽ ലോൺ വ്യവസ്ഥയിൽ ഫ്രഞ്ച് ചാമ്പ്യൻ ക്ളബ് പാരീസ് എസ്.ജിയിലെത്തിയ താരം അടുത്ത വർഷത്തെ ലോകകപ്പിലെ അത്ഭുതപ്രകടനത്തോടെ അവിടെ സ്ഥിരമായി. പിന്നീട് തന്റെ കുട്ടിക്കാലത്തെ സ്വപ്നമായ റയലിലേക്ക് പോകണമെന്ന ആഗ്രഹം പരസ്യമാക്കിയെങ്കിലും പി.എസ്.ജിയുമായി ഈ വർഷംവരെ കരാർ ഉണ്ടായിരുന്നത് തടസമായി. പി.എസ്.ജിയുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചതിന് പിന്നാലെയാണ് റയലുമായി കരാർ ഒപ്പിട്ടത്. അഞ്ചുവർഷത്തേക്കാണ് റയലുമായുള്ള കരാർ. പി.എസ്.ജിക്ക് വേണ്ടി 205 മത്സരങ്ങളിൽ നിന്ന് 175 ഗോളുകളാണ് നേടിയത്. ക്ളബിന്റെ ആറ് ഫ്രഞ്ച് ലീഗ് വൺ കിരീട നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിച്ചു.മൊണാക്കോയ്ക്ക് ഒപ്പവും ഒരുതവണ ഫ്രഞ്ച് ലീഗ് നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയെ

അനുകരിച്ച്

തുടക്കം

15 വർഷം മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ചേർന്നപ്പോൾ ആരാധകരെ അഭിസംബോധന ചെയ്തതിന് സമാനമായ ദൃശ്യങ്ങളാണ് ഇന്നലെ എംബാപ്പെയുടെ അവതരണത്തിലും സാന്റിയാഗോ ബെർണബ്യൂവിൽ അരങ്ങേറിയത്. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായ എംബാപ്പെ 2009ൽ റെക്കാഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എത്തിയ ക്രിസ്റ്റ്യാനോ ചെയ്തതുപോലെ ആരാധകരെക്കൊണ്ട് ""ഹാല,മാഡ്രിഡ് "" മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും റയലിന്റെ ജഴ്സിയിൽ മുത്തമിടുകയും കൈകൾ ഉയർത്തി അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 80000ത്തോളം പേരാണ് എംബാപ്പെയെ റയലിന്റെ ജഴ്സിയിൽ ആദ്യമായി കാണാനെത്തിയത്.

9

റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ ആദ്യമെത്തിയിരുന്നപ്പോൾ ലഭിച്ച ഒൻപതാം നമ്പർ ജഴ്സിയാണ് എംബാപ്പെയ്ക്കും ലഭിച്ചിരിക്കുന്നത്. പി.എസ്.ജിയിൽ ഏഴാം നമ്പർ കുപ്പായത്തിൽ കളിച്ചിരുന്ന എംബാപ്പെ ഫ്രഞ്ച് ടീമിൽ പത്താം നമ്പരിലാണ് ഇറങ്ങുന്നത്. പി.എസ്.ജിയുടെയും ഫ്രഞ്ച് ടീമിന്റേയും നായകനായാണ് കളത്തിലിറങ്ങിയിരുന്നത്.

ചെറിയ കുട്ടിയായിരുന്നപ്പോൾ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരുനാൾ റയൽ മാഡ്രിഡിന്റെ കുപ്പായമണിയുക എന്നത്. അതിന് സഫലമായിരിക്കുന്നു. എന്റെ ജീവിതത്തിലെ സുപ്രധാനമായൊരു ദിവസമാണിത്. ഈ ക്ളബിനായി എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും.

- കിലിയൻ എംബാപ്പെ

Advertisement
Advertisement