വൈദ്യുതി കമ്പിയോ തൂണോ അപകടത്തിലായത് കണ്ടോ? എങ്കിൽ വേഗം ഈ നമ്പരിലേക്ക് വാ‌ട്‌സാപ്പ് ചെയ്യാം

Tuesday 16 July 2024 11:59 PM IST

പാലക്കാട്: വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാദ്ധ്യത ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി അധികൃതരെ ഇനി വാട്സാപ്പ് വഴി അറിയിക്കാം. കെ.എസ്.ഇ.ബിയുടെ എമർജൻസി നമ്പരായ 9496010101 ലേക്കാണ് വാട്സാപ് സന്ദേശമയക്കേണ്ടത്. മഴക്കാലത്ത് പ്രത്യേകിച്ചും വൈദ്യുതി ലൈനിൽനിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും വൈദ്യുതാഘാതമേറ്റ് ജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.

അപകടസാദ്ധ്യതയുള്ള വൈദ്യുതി തൂണുകൾ, വൈദ്യുതി കമ്പികൾ തുടങ്ങിയവയുടെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. 2023ൽ കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളിൽ നിന്നായി 54 പേരാണ് മരിച്ചത്. 2022ൽ 164 അപകടങ്ങളുണ്ടായി. 64 പേർ മരിച്ചു. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.