ഇനി വിമാന ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല, പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Wednesday 17 July 2024 12:15 AM IST

കൊച്ചി: ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി.

ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍ ഗോവ പാക്കേജും 44,357 രൂപ മുതല്‍ ദുബായ് പാക്കേജും ലഭ്യമാണ്. കശ്മീരിലേക്ക് 39,258 രൂപ മുതലും അമര്‍നാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകള്‍ ലഭ്യമാണ്.

ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസം, എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരികെ എയര്‍പ്പോര്‍ട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം, തുടങ്ങിയവ അടക്കമാണുള്ളതാണ് പാക്കേജ്.

20 വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കും

കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിന്റെ ഭാഗമായി മാതൃകമ്പനിയായ എയര്‍ ഇന്ത്യയില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി ഉടനെ എത്തും. വരുംമാസങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് വിമാനങ്ങള്‍ കൈമാറ്റം ചെയ്യുംയ ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് കൈമാറുന്നത്. ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്ട്ര റൂട്ടുകളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ പ്രാപ്തമാക്കുന്നതാണ് ഈ നീക്കം.

രാജ്യത്തിനുള്ളിലെ മെട്രോ നഗരങ്ങളേയും ചെറുപട്ടണങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കോണമി സീറ്റുകള്‍ മാത്രമുളള വിമാനങ്ങള്‍ എയര്‍ഇന്ത്യയെ വിപണിയില്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുമായി മത്സരിക്കാന്‍ സഹായിക്കുന്നതാണ്.

നിലവില്‍ 75 ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ചോടെ എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന 120 വിമാനങ്ങളുടെ ശേഖരത്തില്‍ എത്താനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നത്.

ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമേ ഹ്രസ്വദൂര അന്താരാഷ്ട്ര സര്‍വീസുകളിലും ഊന്നല്‍ നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. ദക്ഷിണ-പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് ഇതിന് വേണ്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിലെ ധാക്കയിലേക്കും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനും പുതിയ ആഭ്യന്തര സര്‍വീസുകള്‍ പ്രഖ്യാപിക്കാനുമുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍.

Advertisement
Advertisement