കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി, വരുമാനമില്ലാതായതോടെ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥ

Wednesday 17 July 2024 12:50 AM IST

കണ്ണൂര്‍: വഴിയാത്രക്കാര്‍ക്ക് ഉന്നതനിലവാരത്തില്‍ പൊതുശുചിമുറി സമുച്ചയങ്ങളും വിശ്രമ കേന്ദ്രവും ഒരുക്കാനായി തുടക്കമിട്ട ടേക് എ ബ്രേക്ക് (വഴിയിടം) പദ്ധതി നിശ്ചലം.കണ്ണൂരില്‍ 97 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതില്‍ 80 എണ്ണം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും പലതും കരാറുകാര്‍ക്ക് ലാഭകരമല്ലാത്തതിനാല്‍ അടച്ചിട്ട നിലയിലാണ്. വന്‍ നഷ്ടമാണ് നേരിട്ടതെന്ന് കരാറെടുത്തവര്‍ പറയുന്നു.

കാസര്‍കോട് 62 ഇടങ്ങളില്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടതില്‍ 23 എണ്ണത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞത്. എന്നാല്‍, ഇവയും പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഉദ്ഘാടനത്തിനു ശേഷം ഒരുദിവസം പോലും പ്രവര്‍ത്തിക്കാത്ത കേന്ദ്രങ്ങളാണ് മിക്കതും. നിര്‍മ്മാണം പൂര്‍ത്തിയായ കേന്ദ്രങ്ങളില്‍ വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ കിട്ടാത്ത പ്രശ്‌നവും നിലവിലുണ്ട്.

ദേശീയ, സംസ്ഥാന പാതയോരങ്ങള്‍, ബസ് സ്റ്റേഷനുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങി ജനങ്ങള്‍ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത്, കോര്‍പറേഷന്‍, നഗരസഭ എന്നിവിടങ്ങളിലായി 1842 ശുചിമുറികള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം വെച്ചതെങ്കിലും നിലവില്‍ 805 എണ്ണത്തിന്റെ ഉദ്ഘാടനം മാത്രമാണ് കഴിഞ്ഞത്. കണ്ണൂരില്‍ ഉദ്ഘാടനം കഴിഞ്ഞവയില്‍ 11 എണ്ണത്തിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. തദ്ദേശ സ്ഥാപനങ്ങള്‍ 50 എണ്ണവും സ്വകാര്യ ഏജന്‍സികള്‍ 17 എണ്ണവും മറ്റു വകുപ്പുകള്‍ ആറെണ്ണവും നടത്തുന്നു. കാസര്‍കോട് രണ്ടെണ്ണം കുടുംബശ്രീയും 15 എണ്ണം തദ്ദേശ സ്ഥാപനങ്ങളും ആറെണ്ണം മറ്റ് വകുപ്പുകളുമാണ് നടത്തുന്നത്.കണ്ണൂരില്‍ 115 പേര്‍ക്കും കാസര്‍കോട് 12 പേര്‍ക്കുമാണ് തൊഴില്‍ ലഭിച്ചത്. ശരാശരി ദിവസ വരുമാനം 200 രൂപയാണ്.

ടേക് എ ബ്രേക്ക് പദ്ധതി

2020-21 വാര്‍ഷിക പദ്ധതിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഓരോ ഗ്രാമപഞ്ചായത്തിലും ഉയര്‍ന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറി സമുച്ചയങ്ങളും ഓരോ മുന്‍സിപ്പാലിറ്റിയിലും ഉയര്‍ന്ന നിലവാരമുള്ള അഞ്ച് പൊതുശുചിമുറി സമുച്ചയങ്ങളും നിര്‍മ്മിക്കുക എന്നതാണ് പദ്ധതി. സ്ഥലമുള്ളയിടങ്ങളില്‍ ശുചിമുറി സമുച്ചയങ്ങള്‍ക്കൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്മെന്റ് സെന്റര്‍ കൂടി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കും. തദ്ദേശസ്ഥാപനത്തിന്റെ ഭൂമി കൂടാതെ മറ്റ് വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭൂമിയും ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. ശുചിത്വമിഷനാണ് ഏകോപന ചുമതല.

പ്രവര്‍ത്തനം നിലച്ചതും സാങ്കേതിക കാരണങ്ങളാല്‍ ആരംഭിക്കാന്‍ കഴിയാത്തതുമായ സെന്ററുകള്‍ നിലവിലുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതികള്‍ റിവൈസ് ചെയ്ത് പ്രവര്‍ത്തികള്‍ ആരംഭിക്കും. ഇതിനായി കുടുംബശ്രീ, ശുചിത്വമിഷനുമായി യോജിച്ച് സര്‍വേ നടത്തി നിലവിലെ സെന്ററുകളുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് തയാറാക്കും. - തദ്ദേശ വകുപ്പ് അധികൃതര്‍

Advertisement
Advertisement