ആസിഫ് അലിയെ അപമാനിച്ചു, രമേശ് നാരായണൻ വിവാദത്തിൽ, സംഭവം ഉപഹാര സമർപ്പണത്തിനിടെ

Wednesday 17 July 2024 12:56 AM IST

കൊച്ചി: ഉപഹാര സമർപ്പണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ രമേശ് നാരായണൻ ചലച്ചിത്രതാരം ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ചെന്ന് ആക്ഷേപം. എം.ടി.വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയുണ്ടായ സംഭവം വിവാദമായി.

ചടങ്ങിൽ കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകിയിരുന്നു. രമേശ് നാരായണന് മെമന്റോ നൽകാൻ സംഘാടകർ നിയോഗിച്ചത് ആസിഫ് അലിയെയാണ്. ആസിഫ് പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തി. അദ്ദേഹത്തിന്റെ മുഖത്ത് ഒന്നുനോക്കുകപോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേശ് സദസിൽ മറ്റൊരിടത്ത് ഇരുന്ന സംവിധായകൻ ജയരാജിനെ ആംഗ്യം കാട്ടി വിളിച്ചുവരുത്തി. തുടർന്ന് അദ്ദേഹത്തിന്റെ കൈയിൽ ഉപഹാരം കൊടുത്തശേഷം തിരികെ സ്വീകരിച്ചു. ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നൽകി. ഇതി​നി​ടെ ആസി​ഫ് അലി​ സീറ്റിലേക്ക് മടങ്ങി. സംഭവത്തിന്റെ വീഡി​യോ വൈറലായതി​നെ തുടർന്ന് രമേശ് നാരായണനെ വി​മർശി​ച്ച് സി​നി​മാ പ്രവർത്തകരുൾപ്പെടെ രംഗത്തുവന്നു.

ആസിഫ് അലിയെ
പിന്തുണച്ച് 'അമ്മ'

സംഭവത്തിൽ ആസിഫ് അലിയെ പിന്തുണച്ച് താരസംഘടനയായ അമ്മ. 'ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം' എന്ന വാക്കുകളോടെ സംഘടനയുടെ ഇൻസ്റ്റഗ്രാം പേജിലാണ് പോസ്റ്റ്. ആസിഫിന്റെ ചിരിക്കുന്ന ചിത്രവും ഒപ്പമുണ്ട്.

'ആസിഫ് അലിയോട്

മാപ്പ് ചോദിക്കുന്നു'

തിരുവനന്തപുരം: ആസിഫ് അലിയെ ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും രമേശ് നാരായൺ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആസിഫ് അലിയാണ് അവാർഡ് തരുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറേ താരങ്ങൾക്ക് നടുവിൽനിന്ന് ആസിഫ് അലി ഓടിവന്ന് പുരസ്‌കാരം തന്നു. ജയരാജ് അവിടെ വേണം എന്നെനിക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞാൻ വിളിച്ചത്. ഇതിനിടെ ആസിഫ് എങ്ങോ പോയിമറഞ്ഞു. ആസിഫും കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ മൂവരുംകൂടി ഒരു സ്‌നേഹപ്രകടനം ആകുമായിരുന്നു. ആസിഫിനെ വിളിക്കാൻ ഇരിക്കുകയാണ്. തെറ്റുപറ്റിയെങ്കിൽ ഞാൻ മാപ്പ് ചോദിക്കും.

Advertisement
Advertisement