കോൺഗ്രസിൽ വനിതാ പ്രതിനിധ്യം കൂട്ടണം: തരൂർ
സുൽത്താൻ ബത്തേരി: കോൺഗ്രസിൽ മഹിളകളുടെ പ്രതിനിധ്യം വർദ്ധിപ്പിക്കണമെന്നും,
സാമുദായിക പരിഗണന വിലയിരുത്തപ്പെടണമെന്നും ശശി തരൂർ പറഞ്ഞു.
സ്ഥിരമായി പാർട്ടിയോടൊപ്പം നിന്ന ഈഴവ വിഭാഗം ബി.ജെ.പിയിലേക്ക് പോയതിനെപ്പറ്റിയും ചർച്ച വേണം.ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് വൻ വിജയം കരസ്ഥമാക്കിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 92 അസംബ്ലി മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഗൗരവമായി കാണണം. കേരളത്തിലും കേന്ദ്രത്തിലുമുള്ള സർക്കാരിന്റെ ദുർഭരണങ്ങളെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു
ചെന്നിത്തല
കേരളത്തിലെ ആരോഗ്യവകുപ്പ് പരിപൂർണമായി പരാജയപ്പെട്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം പനിക്കിടക്കയിലാണ്. പാരസറ്റമോൾപോലും സർക്കാർ ആശുപത്രിയിൽ ലഭിക്കാത്ത അവസ്ഥയാണ്. ഒരു സ്ഥലത്തും ഡേക്ടർമാരും ജീവനക്കാരുമില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മറ്റും സാധാരണക്കാർക്ക് ചികിത്സ ലഭിക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻ പ്രസിഡന്റുമാരുടെ
അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു
മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ.മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അസാന്നിദ്ധ്യം കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് യോഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. തൃശൂരിലെ തോൽവിക്ക് ശേഷം മുരളീധരൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കുകയാണെന്ന് പറഞ്ഞതിന് ശേഷമുള്ള കെ.പി.സി.സിയുടെ ഏറ്റവും വലിയ ക്യാമ്പാണിത്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ക്യാമ്പ് തുടങ്ങിയിട്ടല്ലേയുള്ളു ,മൂവരും വരുമെന്ന പ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി.