സാധാരണ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇലകൾ; വെള്ളത്തിൽ നട്ട് കൊച്ചിക്കാരന്മാർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Wednesday 17 July 2024 10:14 AM IST

സലാഡിലും സൂപ്പിലുമുപയോഗിക്കുന്ന ഇലകൾ വെള്ളത്തിൽ കൃഷി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുകയാണ് കൊച്ചിയിലെ അഞ്ചംഗ സംഘം. വിവിധതരം ചീരകളാണ് (ലെറ്റ്യൂസ്സ്, പാലക്) ഹൈഡ്രോപോണിക്‌സ് രീതിയിൽ കൃഷി ചെയ്യുന്നത്. ലുലു മാർക്കറ്റുൾപ്പെടെ ഇരുന്നൂറോളം കസ്റ്റമർമാർ. വിദേശവിപണിയിലും ഉടനെത്തിക്കും.

ഷിജിൻ, അമൽ മാത്യു, അതുൽ വാര്യർ, അപ്പു, മുരളീധർ, ആദർശ് സുരേഷ് എന്നിവരുടേതാണ് വിജയഗാഥ. ആറ് വർഷം മുമ്പാണ് ഇലക്കൃഷി തുടങ്ങിയത്. സംരംഭത്തിന് 'ഇള ഗ്രീൻസ്"എന്ന് പേരുമിട്ടു. വിജയിച്ചതോടെ മാർക്കറ്റിംഗും ഫാമിംഗും ഉഷാറാക്കി. താത്പര്യമുള്ളവർക്ക് പരിശീലനം നൽകി സ്വന്തം കർഷകക്കൂട്ടായ്‌മയും വാർത്തെടുക്കും. ലാഭത്തിലാകും വരെ ഫാമിന്റെ മേൽനോട്ടവുമുണ്ട്. 100 ചതുരശ്ര അടി മുതലുള്ള ഫാമുകൾ വീടുകളിൽ ചെയ്തുകൊടുക്കും. കാക്കനാട്ടെ 1500 ചതുരശ്ര അടിയിലെ രണ്ടു ഫാമുകളാണ് വലുത്. 16 ലക്ഷം മുതൽ മുടക്കായി. ഇവിടെ നിന്ന് 125 കിലോ ആഴ്ചയിൽ വിളവെടുക്കും.

മുള രണ്ട് ദിവസത്തിനകം വിത്തുകൾ ഒയാസിസ് ക്യൂബിൽ നടും. രണ്ട് ദിവസത്തിനകം മുള വരും. ഒരാഴ്ചയ്ക്കുള്ളിൽ ചെറിയ പ്ലാസ്റ്റിക് കൂടയിലേക്കും പിന്നീട് കൂടയോടെ യു.പി.വി.സി പൈപ്പിലേക്കും മാറ്റും. ടാങ്കുകളിൽ നിന്ന് ചെറുപൈപ്പിലൂടെ ന്യൂട്രിയന്റ്സ് ചേർത്ത വെള്ളമെത്തിക്കും. റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിനാൽ വെള്ളം കുറച്ച് മതി. താപനില കൂളിംഗ് പാഡിലൂടെ ക്രമീകരിക്കും.

മൂന്ന് റൗണ്ട് വൃത്തിയാക്കലിന് ശേഷം (ബബിൾ, നോർമൽ, കൂൾ വാഷ്) കിറ്റിലാക്കി വിപണിയിലേക്ക്

ഗ്രീൻ കിറ്റ് @ 1,999

നാല് തരം ഇലകൾക്കൊപ്പം നാല് മൈക്രോ ഗ്രീൻസ്, ഒരു പഴവർഗം, രണ്ടിനം ഹെർബ്‌സ് (ബേസിൽ, മിന്റ്) എന്നിവയടങ്ങുന്ന ഇളയുടെ കിറ്റൊന്നിന് 1,999 രൂപയാണ് പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ. ആഴ്ചയിലൊരിക്കൽ വിതരണം. 20 കിലോമീറ്ററിനുള്ളിലേ ഇപ്പോഴുള്ളൂ.

ജില്ലകളിൽ 12 ഫാം

എറണാകുളം-4, തിരുവനന്തപുരം-3, പത്തനംതിട്ട-1, തൃശൂർ-2, കണ്ണൂർ-1, കോഴിക്കോട്-1

ഇളയുടെ ഇലകൾ

റൊമെയ്ൻ ലെറ്റ്യൂസ്, ബക്ചോയ്, ലൊല്ല ബയോണ്ട ലെറ്റ്യൂസ്, ലെറ്റ്യൂസ് ഓക്‌ലീഫ് റെഡ്, കെയിൽ, ടച്ച്‌സോയ്, പാലക്ക്