'ഭർത്താവ് മരിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യപ്രദർശനം', സൈനികന്റെ വിധവയെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബർ ആക്രമണം

Wednesday 17 July 2024 10:15 AM IST

വീരമൃത്യു വരിച്ച അഗ്നിവീറിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്‌മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്‌മൃതി സിംഗാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർക്ക് നേരെ ആക്രമണം ഉയരുന്നത്.

ഭർത്താവിന്റെ മരണാനന്തര ബഹുമതിയായ കീർത്തിചക്ര ഈയിടെ സ്‌മൃതി രാഷ്‌ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്‌കാരവും വസ്‌ത്രങ്ങളും ഫോട്ടോകൾ അടങ്ങിയ ആൽബവും മറ്റ് ഓർമകളും സ്‌മൃതി എടുത്തുകൊണ്ടുപോയതായി അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സ്‌മൃതിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. ഇതിനിടെയാണ് ആളുമാറി രേഷ്‌മയ്‌ക്കെതിരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിനെതിരെ രേഷ്‌മ തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

'ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ വിധവ സ്‌മൃതി സിംഗിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അല്ല. ആദ്യം പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കൂ. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും ദയവായി പ്രചരിപ്പിക്കരുത്.' - രേഷ്‌മ സെബാസ്റ്റ്യൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. 'എല്ലാത്തിനും ഒരു പരിധിയുണ്ട്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന തലക്കെട്ടോടെയാണ് രേഷ്‌മയുടെ ചിത്രങ്ങളും ഐഡിയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സ്മൃതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഡൽഹി സ്വദേശിക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും ഐ ടി ആക്ടിലെ വകുപ്പുകളും പ്രകാരം കേസെടുത്തിരിക്കുന്നത്. വനിതാ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി. സമൂഹമാദ്ധ്യമത്തിൽ സ്മൃതിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വിഷയത്തിലാണ് വനിതാ കമ്മീഷൻ സ്വമേധയാ ഇടപെട്ടത്.

Advertisement
Advertisement