കേട്ടതെല്ലാം സത്യമാണോ? നതാഷ മകനുമായി സെർബിയയിലേക്ക് പറന്നു, മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകനും മുംബയ് ഇന്ത്യൻസ് നായകനുമായ ഹാർദ്ദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും വേർപിരിയുകയാണെന്ന തരത്തിൽ അടുത്തിടെ നിരവധി അഭ്യൂങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ മുംബയ് വിമാനത്താവളത്തിൽ വച്ച് നതാഷയെയും മകനെയും ആരാധകർ കണ്ടതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മാദ്ധ്യമങ്ങളോടും ഒന്നുപറയാതെ ക്യാമറകൾക്ക് പോസ് ചെയ്യാതെയാണ് നതാഷ മുംബയിൽ നിന്ന് ജന്മനാടായ സെർബിയയിലേക്ക് പോയത്. ഇത് ഹാർദ്ദിക് പാണ്ഡ്യയും നതാഷയും തമ്മിലുള്ള വേർപിരിയൽ അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി. സെർബിയയിലേക്ക് മടങ്ങുന്നതായി നതാഷ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നതാഷയും ഹാർദ്ദിക് പാണ്ഡ്യയും 2020 മേയ് 31നാണ് വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകനുമുണ്ട്. കൊവിഡ് കാലത്തെ വിവാഹമായിരുന്നതിനാൽ 2023 ഫെബ്രുവരിയിൽ ഇരുവരും വിവാഹച്ചടങ്ങുകൾ വീണ്ടും നടത്തിയതും ശ്രദ്ധ നേടിയിരുന്നു.
ഈ വർഷം മേയ് മുതലാണ് ഇരുവരും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങൾ വാർത്തകളിൽ ഇടംപിടിച്ചത്. ഇൻസ്റ്റാഗ്രാമിൽ നതാഷ ഹാർദ്ദിക്കിന്റെ പേര് നീക്കിയതാണ് ആദ്യം അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. നതാഷ സ്റ്റാൻകോവിച്ച് പാണ്ഡ്യ എന്ന പേര് മാറ്റി നതാഷ സ്റ്റാൻകോവിച്ച് എന്നാക്കിയതാണ് ഡിവോഴ്‌സ് വാർത്തകൾക്ക് പിന്നിൽ. ഇരുവരും ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.