''രമേശ് നാരായണനെ സന്തോഷ് നാരായണനാക്കിയ ആങ്കറിനും നടത്തിപ്പുകാർക്കും കൈയടി മാത്രം''

Wednesday 17 July 2024 1:15 PM IST

കൊച്ചി: ഉപഹാര സമർപ്പണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ രമേശ് നാരായണൻ ചലച്ചിത്രതാരം ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ വിവാദം കെട്ടടങ്ങിയിട്ടില്ല. എം.ടി.വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

ചടങ്ങിൽ കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകിയിരുന്നു. രമേശ് നാരായണന് മെമന്റോ നൽകാൻ സംഘാടകർ നിയോഗിച്ചത് ആസിഫ് അലിയെയാണ്. ആസിഫ് പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തി. അദ്ദേഹത്തിന്റെ മുഖത്ത് ഒന്നുനോക്കുകപോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേശ് സദസിൽ മറ്റൊരിടത്ത് ഇരുന്ന സംവിധായകൻ ജയരാജിനെ ആംഗ്യം കാട്ടി വിളിച്ചുവരുത്തി. തുടർന്ന് അദ്ദേഹത്തിന്റെ കൈയിൽ ഉപഹാരം കൊടുത്തശേഷം തിരികെ സ്വീകരിച്ചു. ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നൽകി. ഇതി​നി​ടെ ആസി​ഫ് അലി​ സീറ്റിലേക്ക് മടങ്ങി. സംഭവത്തിന്റെ വീഡി​യോ വൈറലായതി​നെ തുടർന്ന് രമേശ് നാരായണനെ വി​മർശി​ച്ച് സി​നി​മാ പ്രവർത്തകരുൾപ്പെടെ രംഗത്തുവന്നു. നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

''നാനോരു കഥ ശൊല്ലുട്ടുമാ ..? സദ്യക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിച്ചിരുത്തിയ ആതിഥേയർ ഒരാളെയൊഴിച്ച് ബാക്കിയെല്ലാവരെയും വിളിച്ചിരുത്തി എല്ലാവരെയും പരിചയപ്പെടുത്തി മേശയിൽ സുഭിക്ഷമായ ഭക്ഷണം വിളമ്പിയപ്പോൾ, പന്തിയിൽ പക്ഷഭേദം അനുഭവപ്പെട്ട അപമാനിതനായ അയാൾ എണീറ്റ് ക്ഷണിച്ച ആളോട് സങ്കടം പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും തെറ്റ് മനസിലാക്കിയ നല്ലവരായ ആതിഥേയർ നടത്തിപ്പുകാരോട് കാര്യം പറഞ്ഞതുപ്രകാരം ക്ഷമാപണത്തോടെ അയാളെ പന്തിയിൽ കൊണ്ടുപോകാതെ തിടുക്കത്തിൽ ഭക്ഷണം വിളമ്പിക്കൊടുത്തു.. ഇതൊരു സാങ്കല്പിക കഥയാണ് , പൊങ്കാലയിടരുത്...!

തൊണ്ണൂറ്റിയൊന്നുകാരനായ അക്ഷരകുലപതി എം ടി സാറിന്റെ ഒൻപത് തിരക്കഥയിൽ ആന്തോളജി സിനിമ എടുത്തത് മഹാരഥന്മാരായ എട്ട് സംവിധായകരാണ് . അവരും അവരുടെ കൂടെ പ്രവർത്തിച്ചവരും നിറഞ്ഞ കയ്യടികൾക്ക് ഏറെ അർഹരാണ് . ആന്തോളജി സിനിമ നിർമിച്ച ' സീ 5 ' യുടെ ആതിഥേയത്തിൽ ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ' മനോരഥങ്ങൾ ' ഓഡിയോ ലോഞ്ചിൽ അവരുടെ നടത്തിപ്പുകാരുടെ പാളിച്ചയുണ്ടാക്കിയ വെടിയും പുകയും പുകിലുകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല . അവർക്ക് കൈ - അടി മാത്രം .!

ഓരോരോ സിനിമകളുടെ സംവിധായകരെയും കൂട്ടരെയും വിളിച്ച് വേദിയിൽ ആദരിച്ച് ഫോട്ടോ എടുത്ത് പോകുമ്പോൾ , 'സ്വർഗം തുറക്കുന്ന സമയം' എന്ന ജയരാജ് സിനിമയുടെ അണിയറ പ്രവർത്തകരെ ആദരിക്കാനായി ക്ഷണിച്ചപ്പോൾ സംഗീതം നിർവഹിച്ച, മുൻനിരയിൽ ഉണ്ടായിരുന്ന രമേഷ് നാരായണിനെ എന്തുകൊണ്ടോ മറന്നുപോയിരുന്നു.. ! സങ്കടം പറഞ്ഞ് പോകാനിറങ്ങിയ സംഗീത സംവിധായകനെ സമാധാനിപ്പിച്ച് നടത്തിപ്പുകാരുടെ തെറ്റാണെന്നു മനസ്സിലാക്കി ഉടനടി തിരുത്തിയ എം ടി സാറിനെ മകളും സഹനിർമാതാവുമായ അശ്വതിക്ക് , കയ്യടികൾ. തെറ്റ് മനസിലാക്കി തുടർന്ന് ‘ ഷെർലോക്ക് ' സിനിമയുടെ അണിയറക്കാരെ ആദരിക്കുന്നതിനിടെ ' ക്ഷമാപണത്തോടെ - നോട്ട് ഫ്രം ദി സ്റ്റേജ് ' എന്നും 'ശ്രീ സന്തോഷ് നാരായണൻ സാറിന് ആസിഫലി ഒരു ചെറിയ സമ്മാനം നൽകും' എന്നും ആങ്കർ പറയുന്നു. സന്തോഷ് നാരായണൻ എന്നു പേരു തെറ്റി വിളിച്ച അങ്കറും നടത്തിപ്പുകാരും മാന്യമായി വേദിയിൽ വച്ചു ' ആദരവ് ' മൊമെന്റോ രൂപത്തിൽ കൊടുക്കാൻ ഏർപ്പാട് ചെയ്യേണ്ടതിനുപകരം സദസ്സിൽ വെച്ച് ' ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറാക്കി ' കൊടുത്തത് നാണം കെട്ട ഏർപ്പാടായിപ്പോയി എന്നുതന്നെ പറയേണ്ടിവരും ..അവർക്ക് കൈ - അടി മാത്രം ...!

പെട്ടെന്ന് ഏർപ്പാടാക്കിയ ചടങ്ങിൽ സ്വതസിദ്ധമായ മനംമയക്കുന്ന ചിരിയോടെ രംഗത്തേക്കെത്തിയ മലയാളികളുടെ സ്വന്തം ആസിഫ് അലി സന്തോഷത്തോടെ രമേഷ് നാരായണന് മൊമെന്റോ കൊടുക്കുന്നുണ്ട് , താൻ ചോദിച്ചു വാങ്ങിയ ആദരത്തിനിടയിൽ തന്റെ പേരുകൂടി തെറ്റിച്ച് പറഞ്ഞതോടെ മൊത്തം കിളിയായതിന്റെ ' വല്ലാത്ത' മുഖഭാവത്തോടെ തന്റെ സിനിമയുടെ സംവിധായകൻ ജയരാജ് സാറിനെ കൈകാട്ടി വിളിക്കുന്നു. ചിരിച്ചുകൊണ്ട് വന്ന ജയരാജ് സാറിന് കയ്യിലുണ്ടായിരുന്ന മൊമെന്റോ നൽകി വീണ്ടും അദ്ദേഹത്തിൽ നിന്നും വാങ്ങിച്ചപ്പോൾ തന്നെ കാര്യം കൈവിട്ടുപോയിരുന്നു . ഏതൊരു മാനസിക അവസ്ഥയിലാണെങ്കിലും ആ നടപടി ന്യായികരിക്കാനാവില്ല എന്നതാണ് സത്യം . അത് മനസ്സിലാക്കിയ രമേഷ് നാരായൺ ആസിഫിനോട് മാപ്പ് പറഞ്ഞെങ്കിലും , സമൂഹം ഇതുവരെ അദ്ദേഹത്തിന് മാപ്പ് നൽകിയിട്ടില്ല.

പല വേദികളിലും നല്ലതും ചീത്തയുമായ പല ‘ നാടക' ങ്ങൾ കണ്ടും അനുഭവിച്ചും വളർന്ന അനുഗ്രഹീത കലാകാരന്മാരായ ആസിഫിനും കൂടെയുണ്ടായിരുന്ന ചെങ്ങായിമാരായ, എം ടി സാറിന്റെ രണ്ട് കഥാപാത്രങ്ങൾക്ക് ജീവനേകാൻ അസുലഭ ഭാഗ്യലഭിച്ച ഇന്ദ്രജിത്തിനും കൈലാഷിനും ഇതെല്ലം വെറും ' ട്രെയിലറുകൾ ' മാത്രം എന്ന് വിശ്വസിക്കാനാണ് എനിക്കേറെയിഷ്ടം . അവിടെ നടന്ന വിഷ്വലുകൾ പ്രകാരം ആത്മാഭിമാനത്തിനേറ്റ മുറിവിന്റെ നീറ്റലിലും ആസിഫ് കാണിച്ച പക്വത, സമൂഹത്തിന്റെ നിറഞ്ഞ കയ്യടികൾ നേടിക്കഴിഞ്ഞു . . മലയാളികളുടെ നിറഞ്ഞ സ്നേഹവും കയ്യടികളും സ്വന്തമാക്കിയ ആസിഫിന് അഭിനന്ദനങ്ങൾ ..!

ഒരുപക്ഷെ, ഇതിനേക്കാളുപരി പ്രമുഖരേറേയുള്ളൊരു പൊതു വേദിയിൽ പരസ്യമായി അപമാനിക്കപെട്ടു എന്ന് തോന്നുമ്പോൾ, സമചിത്തത കൈവിടാതെ വികാര വിചാരങ്ങക്ക് അടിമപ്പെടാതെ വിവേകമുള്ള പാകപ്പെട്ട മനസാണ് ഒരു മനുഷ്യന്റെ ഏററവും വലിയ മഹത്വം എന്നും ഞാൻ വിശ്വസിക്കുന്നു . ലോകസേവാ സഞ്ചാര പരിഷത്തിനുവേണ്ടി ജ്ഞാനപീഠ പുരസ്‌കാര ജേതാവ് സാക്ഷാൽ എം.ടി.സാറിന്റെ സംവിധാനത്തിൽ 1996-ൽ ദേശീയ ഉദ്ഗ്രഥന ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്ത, ദേശീയ സംസ്ഥാന അവാർഡ് ജേതാവായ അറുപത്തി നാലുകാരനായ പ്രശസ്ത സംഗീതജ്ഞനായ ഗായകനായ സംഗീതസംവിധായകനായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രമേഷ് നാരായണനും നമ്മുടെ പ്രിയങ്കരനായ നടനും നിർമാതാവുമായ ആസിഫിനും നമുക്കും ഇത് ഒരുപോലെ ബാധകമല്ലേ ..? ഈ രണ്ടുപേരെയും വ്യക്തിപരമായി എനിക്കറിയില്ല എന്നുകൂടി പറഞ്ഞോട്ടെ .

എല്ലാ അപശകുനങ്ങളെയും മറക്കാനും പൊറുക്കാനും, എത്ര എഴുതിയാലും തീരാത്ത മതിവരാത്ത ഒരുപാട് അർത്ഥങ്ങളുള്ള, മലയാളത്തിന്റെ മഹാഭാഗ്യമായ മഹാനായ എം ടി സാറിന്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനം ആഘോഷിച്ച ചടങ്ങിൽ നമ്മുടെ സ്വന്തം മമ്മുക്കയുടെ നെഞ്ചിലേക്ക് എം ടി സാർ ചായുന്ന ഹൃദ്യമായ ഒരൊറ്റ വിഷ്വൽ മാത്രം മതിയാകും നമ്മുടെ മനസ്സിൽ ഹൃദയത്തിൽ ആത്മാവിൽ ആയുഷ്കാലം സൂക്ഷിച്ചുവെക്കാൻ ..അല്ലെ ?''

Advertisement
Advertisement