യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ല, ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത് ഉചിതമായില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ
പാലക്കാട് : മകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ട്വിസ്റ്റ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന അറിയിച്ചു. വിശദമായ പരിശോധനയിൽ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയെന്നും യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത് ഉചിതമായില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ ആന്റിവെനം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്, താലൂക്ക് ആശുപത്രിയിൽ തന്നെ യുവതിയെ നിരീക്ഷണത്തിൽ പാർപ്പിക്കണമായിരുന്നു. വിഷമില്ലാത്ത പാമ്പിനെയാണ് പുറത്തെ ചൂലിൽ കണ്ടത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കുട്ടിയോട് യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. തറയിൽ മൂത്രം വീണത് അമ്മ കഴുകാൻ പോയപ്പോഴാണ് ചൂലിൽ പാമ്പിനെ കണ്ടത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടം ഡോക്ടറോടും ആരോഗ്യവകുപ്പ് ഡയറക്ടർ വിശദീകരണം തേടി.